'ദേശീയദുരന്തമായാലേ 100% സഹായം കിട്ടൂ, കേന്ദ്രത്തിന്റേത് രാഷ്ട്രീയക്കളി'- കെ.വി തോമസ്
|മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിൽ അന്തിമ തീരുമാനമായില്ലെന്നാണ് കേന്ദ്രസർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചത്
ന്യൂഡൽഹി: മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്രത്തിന്റേത് രാഷ്ട്രീയക്കളിയെന്ന് കേരളത്തിന്റെ പ്രതിനിധി കെ.വി തോമസ്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാതിരിക്കാനുള്ള കേന്ദ്ര നിലപാടിന് ന്യായീകരണമില്ലെന്നും ഇനി എന്തു ചെയ്യണമെന്ന് സർക്കാർ തീരുമാനിക്കുമെന്നും കെ.വി തോമസ് പറഞ്ഞു.
"ജൂലൈയിലാണ് വയനാട് ദുരന്തം നടക്കുന്നത്. ഓഗസ്റ്റിൽ തന്നെ സംസ്ഥാനം കേന്ദ്രത്തിന് മെമോറാണ്ടം നൽകിയിരുന്നു. അതിലെ ആവശ്യമായിരുന്നു മുണ്ടക്കൈയിലേത് ദേശീയദുരന്തമായി പ്രഖ്യാപിക്കണം എന്നത്. ദേശീയദുരന്തമായാൽ മാത്രമേ നമുക്ക് 100% സഹായം കിട്ടൂ. ഇത് ഒരു സംസ്ഥാനത്തെ മാത്രം ദുരന്തമായി മാറിയാൽ 80-20 എന്ന കണക്കിൽ സഹായം പകുത്ത് പോകും. 80% സഹായം കേന്ദ്രവും 20 സംസ്ഥാനവും.
ഇന്നലെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അയച്ച കത്തിൽ പറയുന്നത് 388 കോടി രൂപ സംസ്ഥാനത്തിന്റെ ദുരന്ത നിവാരണ ഫണ്ടിലുണ്ട് എന്നാണ്. അത് കേന്ദ്രത്തിന്റെ ഔദാര്യമല്ല. കേന്ദ്രത്തിന്റെ സഹായമില്ലെങ്കിൽ പോലും ആ 388 കോടി രൂപ നമ്മുടെ കയ്യിലുണ്ട്. അതിൽ നിന്ന് വേണം സംസ്ഥാനത്ത് നടക്കുന്ന ദുരന്തങ്ങൾക്കെല്ലാം സഹായമെത്തിക്കാൻ.
ഓഗസ്റ്റ് 8 മുതൽ 10 വരെ വിവിധ കേന്ദ്ര വകുപ്പുകളുടെ തലവന്മാർ മുണ്ടക്കൈയിലെത്തിയിരുന്നു. നമ്മുടെ ചീഫ് സെക്രട്ടറിയും പോയി. ആ റിപ്പോർട്ടിൽ നടപടിയായില്ല. 14ാം തീയതി നിർമല സീതാരാമൻ മാധ്യമങ്ങളോട് പറഞ്ഞു കേരളത്തെ കൈവിടില്ല, പ്രധാനമന്ത്രി ഒന്ന് വന്നോട്ടെ എന്ന്. പ്രധാനമന്ത്രി വന്നു കണ്ടതല്ലേ..വയനാട് ദുരന്തത്തിന് ശേഷം ആന്ധ്രയിലും ഛത്തീസ്ഗഢിലും ഒക്കെ നടന്ന ദുരന്തങ്ങൾക്ക് കേന്ദ്രം വാരിക്കോരി സഹായങ്ങൾ നൽകി. അങ്ങനെ ചെയ്ത ഒരു സർക്കാരിന് കേരളത്തോട് എന്തിനാണ് ഇങ്ങനെ ഒരു സമീപനം.
ആവശ്യമായ രേഖകളെല്ലാം കേരളം നൽകിയിട്ടുണ്ട്. കേരളത്തിലെ എല്ലാ പാർട്ടികളും ചേർന്ന് നമുക്ക് അർഹമായ സഹായം വാങ്ങിയെടുക്കണം. ഇനിയെന്ത് നടപടി വേണം എന്ന് സംസ്ഥാന സർക്കാർ നടപടിയെടുക്കണം. നമ്മുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും പിഴവുണ്ടെങ്കിൽ കത്തിൽ അത് കണ്ടേനെ. ആഭ്യന്തര സഹമന്ത്രിയുടെ കത്തിൽ അങ്ങനെ ഒരു പരാമർശമേയില്ല. കേന്ദ്രത്തിന്റെ രാഷ്ട്രീയക്കളിയാണിത്".
അതേസമയം മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിൽ അന്തിമ തീരുമാനമായില്ലെന്നാണ് കേന്ദ്രസർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന ആഭ്യന്തരസഹമന്ത്രിയുടെ കത്ത് കേരളം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. വിഷയത്തിൽ രണ്ടാഴ്ചയ്ക്കക്കം നിലപാട് അറിയിക്കാനാണ് കേന്ദ്രത്തിന് കോടതിയുടെ നിർദേശം.
വിഷയത്തിൽ ഹൈക്കോടതിയിൽ ഇന്ന് നടന്നത് :
മുണ്ടക്കൈ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാൻ ആവില്ല എന്ന് കേന്ദ്രം മറുപടി നൽകിയതായി സംസ്ഥാന സർക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. കൂടുതൽ ഫണ്ട് നൽകില്ല എന്ന് കേന്ദ്രസർക്കാർ പറഞ്ഞിട്ടില്ലല്ലോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് അങ്ങനെയാണ് മനസ്സിലാകുന്നത് എന്ന് സർക്കാരും വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഹൈക്കോടതി കേന്ദ്രത്തിന്റെ നിലപാട് തേടി.
കത്ത് സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കാമെന്നു പറഞ്ഞ കേന്ദ്രം, ദുരന്ത തീവ്രത സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് കോടതിയെ അറിയിച്ചു. കേന്ദ്രം തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിക്കണമെന്ന് അമിക്കസ് ക്യൂറിയും ആവശ്യപ്പെട്ടു. തുടർന്ന് സമയബന്ധിതമായി തീരുമാനമെടുക്കണമെന്ന് കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി.
ഉന്നത തല സമിതിയുടെ യോഗത്തിന് ശേഷം ഉടൻ തീരുമാനം അറിയിക്കാമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. രണ്ടാഴ്ചക്കകം തീരുമാനമെടുക്കണം എന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. നവംബർ അവസാനത്തോടെ ഉന്നത സമിതിയുടെ തീരുമാനം കോടതിയെ അറിയിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. . ഹരജി അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.