Kerala
പദവികള്‍ കസേരയും മേശയുമാണ്; സ്റ്റൂള്‍ തന്നാലും കുഴപ്പമില്ലെന്ന് കെ.വി തോമസ്
Kerala

പദവികള്‍ കസേരയും മേശയുമാണ്; സ്റ്റൂള്‍ തന്നാലും കുഴപ്പമില്ലെന്ന് കെ.വി തോമസ്

Web Desk
|
27 April 2022 3:02 AM GMT

പാർട്ടി പദവികളിൽ നിന്ന് നീക്കുന്നത് ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടില്ലെന്നും തോമസ് പറഞ്ഞു

കൊച്ചി: രാഷ്ട്രീയ അഭയം നൽകുമെന്ന കോടിയേരിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് കെ.വി തോമസ്. വീടില്ലാത്തവർക്കാണ് രാഷ്ട്രീയ അഭയം വേണ്ടത്. ഇപ്പോഴും കോൺഗ്രസ് വീട്ടിൽ തന്നെയാണുള്ളത്. പാർട്ടി പദവികളിൽ നിന്ന് നീക്കുന്നത് ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടില്ലെന്നും തോമസ് പറഞ്ഞു.

പദവികളില്ലെങ്കിലും സാരമില്ല, പദവികളെന്ന് പറയുന്നത് കസേരയും മേശയുമാണ്. അതുമാറ്റി സ്റ്റൂള്‍ തന്നാലും കുഴപ്പമില്ലെന്നും തോമസ് കൂട്ടിച്ചേര്‍ത്തു. കോടിയേരി അദ്ദേഹത്തിന്‍റെ അഭിപ്രായം പറഞ്ഞു. എന്‍റെ നിലപാട് പറയേണ്ട സമയത്ത് പറയും. എനിക്കെതിരെ നടപടിയെടുത്തതായി അറിയില്ല. മാധ്യമങ്ങളില്‍ കാണുന്നതു മാത്രമേ അറിയൂ. ഞാന്‍ കോണ്‍ഗ്രസാണ്, കോണ്‍ഗ്രസുകാരനായി ജീവിക്കും, കോണ്‍ഗ്രസുകാരനായി മരിക്കുമെന്നും തോമസ് പറഞ്ഞു.

നേതൃത്വത്തിന്‍റെ വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ.വി തോമസിനെ സസ്പെന്‍ഡ് ചെയ്യണമെന്നാണ് എ.കെ ആന്‍റണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ ശിപാർശ. ശക്തമായ താക്കീത് നൽകാനും സമിതി ശിപാർശ ചെയ്തിട്ടുണ്ട്. രണ്ടു വർഷത്തേക്ക് സസ്പെന്‍ഡ് ചെയ്യണമെന്നാണ് കോൺഗ്രസ് അച്ചടക്ക സമിതിയുടെ ആവശ്യം.

കുറ്റം വീണ്ടും ആവർത്തിക്കരുത് എന്ന് താക്കീത് ചെയ്യാനും അച്ചടക്ക സമിതി ശിപാർശ ചെയ്യുന്നുണ്ട്. നേരിൽ ഹാജരായി സമിതിയിൽ വിശദീകരണം നൽകാൻ അവസരം നൽകണമെന്ന തോമസിന്‍റെ ആവശ്യവും സമിതി തള്ളിയിരുന്നു. സുനിൽ ഝാക്കറിനേയും മേഘാലയിൽ നിന്നുള്ള 5 എം.എൽ. എമാരേയും രണ്ട് വർഷത്തേക്ക് പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കാനും അച്ചടക്ക സമിതി യോഗം ശിപാർശ ചെയ്തു. ഏപ്രിൽ 11ന് ചേർന്ന അച്ചടക്ക സമിതി യോഗമാണ് കെ.വി തോമസിനെതിരായ പരാതി പരിശോധിച്ചത്.



Similar Posts