രാഹുൽ ഗാന്ധിയുടെ വാക്കുകളാണ് സെമിനാറിൽ പറഞ്ഞത്; തന്നോട് വിശദീകരണം ചോദിച്ചിട്ടില്ല: കെ.വി തോമസ്
|തന്നെ ഭീഷണിപ്പെടുത്തുന്ന സമീപനമാണ് നേതൃത്വത്തിൽ നിന്നുണ്ടായത്. അത് അംഗീകരിക്കാനാവില്ല. ഹൈക്കമാൻഡ് തന്നോട് ഇതുവരെ വിശദീകരണം ചോദിച്ചിട്ടില്ലെന്നും കെ.വി തോമസ് പറഞ്ഞു.
തിരുവനന്തപുരം: താൻ ഇപ്പോഴും കോൺഗ്രസുകാരനാണെന്നും പാർട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും ആവർത്തിച്ച് കെ.വി തോമസ്. പാർട്ടിയിലെ ഏകാധിപത്യത്തിനെതിരായാണ് തന്റെ നിലപാട്. പാർട്ടി വിരുദ്ധമായി ഒന്നും സെമിനാറിൽ പറഞ്ഞിട്ടില്ല. രാഹുൽ ഗാന്ധിയുടെ പാർലമെന്റ് പ്രസംഗത്തിലെ വാചകൾ ഉദ്ധരിച്ചുകൊണ്ടാണ് സെമിനാറിൽ താൻ പ്രസംഗം തുടങ്ങിയതെന്നും കെ.വി തോമസ് പറഞ്ഞു.
സെമിനാറിന് യെച്ചൂരിയാണ് ക്ഷണിച്ചത്. ഇതിനെക്കുറിച്ച് താരീഖ് അൻവർ അടക്കമുള്ള നേതാക്കളുമായി സംസാരിച്ചിരുന്നു. എന്നാൽ പിന്നീട് തന്നെ ഭീഷണിപ്പെടുത്തുന്ന സമീപനമാണ് നേതൃത്വത്തിൽ നിന്നുണ്ടായത്. അത് അംഗീകരിക്കാനാവില്ല. ഹൈക്കമാൻഡ് തന്നോട് ഇതുവരെ വിശദീകരണം ചോദിച്ചിട്ടില്ലെന്നും കെ.വി തോമസ് പറഞ്ഞു.
അതേസമയം കെ.വി തോമസിനെതിരായ കെപിസിസിയുടെ പരാതി നാളെ എഐസിസി അച്ചടക്കസമിതി ചർച്ച ചെയ്യും. എഐസിസി അംഗമായതിനാൽ കെ.വി തോമസിനെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന നേതൃത്വത്തിന് സാധിക്കില്ല. അദ്ദേഹത്തിനെതിരെ തിരക്കിട്ട് നടപടി വേണ്ടെന്ന നിലപാടും കോൺഗ്രസിലെ ഒരു വിഭാഗത്തിനുണ്ട്.