'സീറ്റ് നൽകാതെ ആക്ഷേപിച്ചിട്ടും പാർട്ടി വിട്ടുപോയിട്ടില്ല': കെ.വി തോമസ്
|വികസന കാര്യം എവിടെയാണ് പറയാൻ കഴിയുന്നത് അവിടെ പ്രചാരണത്തിന് ഇറങ്ങും കോൺഗ്രസിനോട് വിയോജിപ്പില്ലെന്നും തോമസ് പറഞ്ഞു
കൊച്ചി:തൃക്കാക്കരയിൽ കോൺഗ്രസ് സ്ഥാനാർഥിയായി ഉമാ തോമസിനെ തീരുമാനിച്ചതിൽ പ്രതികരണവുമായി കെ.വി തോമസ്. ഉമയുമായിട്ട് നല്ല ബന്ധമാണുള്ളത്. കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്. അത് വ്യക്തിപരമാണ്, എന്നാൽ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത് വികസനമാണ്. കെ റെയിൽ അന്ധമായി എതിർക്കരുതെന്ന് ആദ്യം പറഞ്ഞിരുന്നു. കേരളത്തിൽ വികസനമുണ്ടാകുമെന്ന് ബോധ്യപ്പെടുത്തേണ്ടത് രാഷ്ട്രീയ പാർട്ടികളാണെന്നും കെ വി തോമസ് പറഞ്ഞു.വികസന കാര്യം എവിടെയാണ് പറയാൻ കഴിയുന്നത് അവിടെ പ്രചാരണത്തിന് ഇറങ്ങും. കോൺഗ്രസിനോട് വിയോജിപ്പില്ലെന്നും തോമസ് പറഞ്ഞു.
താൻ കോൺഗ്രസുകാരനല്ലെന്ന് കോൺഗ്രസിലുള്ളവർക്ക് പറയാനാകില്ല.കോൺഗ്രസിന്റെ വികാരവും കാഴ്ചപ്പാടും ഉൾകൊള്ളുന്നു. സീറ്റ് നൽകാതെ ആക്ഷേപിച്ചിട്ടും പാർട്ടി വിട്ടുപോയിട്ടില്ല. താൻ വിശ്വസിക്കാൻ കൊള്ളാവുന്ന രാഷ്ട്രീയക്കാരനാണ്. അംഗത്വം പുതുക്കിയത് കോൺഗ്രസുകാരനായത് കൊണ്ടാണെന്നും കെ.വി തോമസ് പറഞ്ഞു. അതേസമയം, കെ.വി തോമസിന്റേയും കുടുംബത്തിന്റേയും പിന്തുണ തനിക്ക് ഉണ്ടാകുമെന്ന് തൃക്കാക്കര ഉപതെരഞ്ഞടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി ഉമാ തോമസ്. കെ.വി തോമസിനെ ഫോണിൽ വിളിച്ചിരുന്നെന്നും തനിക്കെതിരെ അദ്ദേഹം പ്രവർത്തിക്കുമെന്ന് കരുതുന്നില്ലെന്നും ഉമാ തോമസ് പറഞ്ഞു.
സ്ഥാനാർഥിത്വ പ്രഖ്യാപനത്തിനു പിന്നാലെ പ്രചരണം കൊഴുപ്പിച്ച് തൃക്കാക്കരയിലെ യു.ഡി.എഫ്.സ്ഥാനാർഥി ഉമ തോമസ്. ഭവന സന്ദർശനവും കുടുംബയോഗവുമായിരുന്നു ആദ്യ പരിപാടികൾ.സ്ഥാനാർഥി പ്രഖ്യാപനം വന്നതുമുതൽ ആവേശത്തിലായിരുന്നു പാർട്ടി പ്രവർത്തകർ. പി.ടിയെ സ്നേഹിക്കുന്നവർ തനിക്കൊപ്പമുണ്ടാകുമെന്നും പി.ടിയുടെ ഓർമ്മകൾക്കു മുന്നിൽ എതിർ സ്വരങ്ങൾ ഇല്ലാതാകുമെന്നും ഉമ തോമസ് പറഞ്ഞു. ഭവന സന്ദർശനവും കുടുംബയോഗവുമായി ആദ്യദിനം തന്നെ സജീവമായിരുന്നു യു.ഡി.എഫ്. ക്യാമ്പ്
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എം.പി.മാരായ ഹൈബി ഈഡൻ, ജെബി മേത്തർ, ടി.ജെ വിനോദ് എം.എൽ.എ, ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് തുടങ്ങി നേതാക്കളും പ്രവർത്തകരും പ്രചരണ പരിപാടികളിൽ സജീവമായി.മണ്ഡലം ബൂത്ത് വാർഡ് തല കൺവൻഷനുകൾ സംഘടിപ്പിച്ച് വരും ദിനങ്ങളിൽ പ്രചരണം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് യു.ഡി.എഫ് നേതൃത്വം.