'പാർട്ടിക്ക് പുറത്ത് പോകണമെങ്കിൽ കെ.വി തോമസിന് സെമിനാറിൽ പങ്കെടുക്കാം'; കെ സുധാകരൻ
|കെ.വി തോമസിന് കർശന മുന്നറിയിപ്പുമായി കെ.പി.സി.സി
ഡൽഹി: പാർട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലെ കെ വി തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കൂവെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. കെ.വി തോമസ് പങ്കെടുക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ കെ.വി തോമസിനോട് സംസാരിച്ചിരുന്നു. പങ്കെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് കെ.വി തോമസ് തന്നോട് പറഞ്ഞെന്നു. എന്നാൽ മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള സാധ്യയുണ്ടെന്നും സുധാകരൻ പറഞ്ഞു.
അതേസമയം കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന കാര്യത്തിൽ നാളെ രാവിലെ 11 മണിക്ക് തീരുമാനം അറിയിക്കുമെന്നാണ് കെ.വി.തോമസ് പറഞ്ഞത്. ശനിയാഴ്ചയാണ് 'കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ' എന്ന വിഷയത്തിൽ സംസാരിക്കാനായി കെ.വി.തോമസിനെ ക്ഷണിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ എന്നിവരും സെമിനാറിൽ പങ്കെടുക്കുന്നുണ്ട്.