Kerala
കെ.വി തോമസ് തൃക്കാക്കരയിൽ എൽ.ഡി.എഫിനായി പ്രചാരണത്തിനിറങ്ങും- പി.സി ചാക്കോ
Kerala

കെ.വി തോമസ് തൃക്കാക്കരയിൽ എൽ.ഡി.എഫിനായി പ്രചാരണത്തിനിറങ്ങും- പി.സി ചാക്കോ

Web Desk
|
5 May 2022 5:51 AM GMT

തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മേൽകൈ ലഭിക്കുമെന്നുറപ്പാണെന്നും ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ.വി തോമസ് പ്രചാരണത്തിനിറങ്ങുമെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്‍റ് പി.സി ചാക്കോ. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്‍റെ പരാമര്‍ശം.

ഒരു രാഷ്ട്രീയ മത്സരത്തിന് യു.ഡി.എഫ് തയ്യാറാവാത്ത സാഹചര്യമാണ് തൃക്കാക്കരയിൽ ഉള്ളത്. തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മേൽകൈ ലഭിക്കുമെന്നുറപ്പാണ്. ഇടതുപക്ഷമെന്ന ഹൃദയപക്ഷത്തിലേക്ക്, നേരിന്റെ രാഷ്ട്രീയത്തിലേക്കെത്തുന്ന തോമസ് മാഷിനു സുസ്വാഗതം എന്നാണ് പി.സി ചാക്കോയുടെ ഫേസ്ബുക്ക് പോസ്റ്റ്.

കെ.വി തോമസ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കണമെന്നാണ് ആഗ്രഹം. തന്‍റെ രാഷ്ട്രീയ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതെന്നും പി.സി ചാക്കോ മീഡിയവണിനോട് പറഞ്ഞു. കെ.വി തോമസ് ഇടതുപക്ഷത്തിന്‍റെ വികസന രാഷ്ട്രീയത്തെ അനുകൂലിക്കുന്നയാളെന്ന നിലയില്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാനെ സാധിക്കൂ. അദ്ദേഹത്തിന് കോണ്‍ഗ്രസിന്‍റെ നിലപാടുകളോട് കടുത്ത വിയോജിപ്പുകളുണ്ടെന്നും പി.സി ചാക്കോ പറ‍ഞ്ഞു.

കോണ്‍ഗ്രസ് ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ഒരു ക്രെഡിറ്റായി കാണുന്നില്ല. യു.ഡി.എഫിന് മുന്‍തൂക്കമുള്ള നിയോജക മണ്ഡലത്തില്‍ പോലും രാഷ്ട്രീയമായി മത്സരത്തിനിറങ്ങുന്നുവെന്ന് പറയാനുള്ള തന്‍റേടം അവര്‍ക്കില്ല. സഹതാപം വോട്ടാക്കി മാറ്റാനുള്ള തന്ത്രമാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും പി.സി ചാക്കോ വ്യക്തമാക്കി.

Similar Posts