കിഴക്കമ്പലം കിറ്റക്‌സിലെ തൊഴിലാളി ക്യാമ്പുകളിൽ തൊഴിൽ വകുപ്പ് പരിശോധന ഇന്ന്
|കേസിൽ മുഖ്യപ്രതികളുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുന്നു, ഇതുവരെ അറസ്റ്റിലായത് 174 പേർ
കിഴക്കമ്പലം കിറ്റക്‌സ് കമ്പനിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിനെ അക്രമിച്ച കേസിൽ പത്ത് പേർ കൂടി പിടിയിൽ. വിവിധ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും മൊബൈൽ ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞവരാണ് അറസ്റ്റിലായത്. കിറ്റക്‌സിലെ തൊഴിലാളി ക്യാമ്പുകളിൽ ഇന്ന് തൊഴിൽ വകുപ്പ് പരിശോധന നടത്തിയേക്കും.ക്രിസ്തുമസ് കരോൾ തടഞ്ഞ ഇതര സംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് എത്തിയെന്ന പ്രചാരണത്തെ തുടർന്നാണ് ഒരു വിഭാഗം തൊഴിലാളികൾ പൊലീസിന് നേരേ അതിക്രമം നടത്തിയതെന്നാണ് നിഗമനം.
അറസ്റ്റിലായവരുടെ മൊബൈൽ ഫോൺ ദൃശ്യങ്ങളിലെ സംഭാഷണങ്ങൾ പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. പ്രതികൾ മൊബൈലിൽ നിന്നും നീക്കം ചെയ്ത ദൃശ്യങ്ങൾ പോലീസ് വീണ്ടെടുക്കുന്നുണ്ട്. ഇന്നലെ പിടിയിലായ 10 പേരടക്കം ഇതു വരെ 174 തൊഴിലാളികൾ കേസിൽ അറസ്റ്റിലായി. പ്രധാന പ്രതികളുടെ ക്രിമിനൽ പശ്ചാത്തലവും കൂടുതൽ വിവരങ്ങളും ലഭ്യമാക്കാനുള്ള ശ്രമവും അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ജില്ലാ ലേബർ ഓഫീസറോട് തൊഴിൽ വകുപ്പ് റിപ്പോർട്ട് തേടിയിരുന്നു.
കിറ്റെക്‌സിലെ തൊഴിലാളികളുടെ ലഹരി ഉപയോഗം സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ പ്രതികൾ മദ്യം അല്ലാതെ മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന കാര്യം എക്‌സൈസ് വിഭാഗവും അന്വേഷിക്കുന്നുണ്ട്.