ലേബർകമ്മീഷണറുടെ ഉത്തരവ് പാലിക്കുന്നില്ല; പൊരിവെയിലത്തു പോലും പണിയെടുപ്പിച്ച് ദേശീയപാത നിർമാണ കരാറുകാർ
|ജോലി സമയം ക്രമീകരിക്കണമെന്ന ലേബർ കമ്മീഷണറുടെ ഉത്തരവ് പാലിക്കാതെ ദേശീയപാത നിർമാണ കരാറുകാർ
കോഴിക്കോട്: സംസ്ഥാനത്ത് ചൂട് കടുത്തതോടെ വെയിലത്ത് പണിയെടുക്കുന്നവരുടെ ജോലി സമയം ക്രമീകരിക്കണമെന്ന ലേബർ കമ്മീഷണറുടെ ഉത്തരവ് പാലിക്കാതെ ദേശീയപാത നിർമാണ കരാറുകാർ. നട്ടുച്ച നേരത്തെ പൊരിവെയിലിൽ വരെ കരാറുകാർ തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുകയാണ്.
സംസ്ഥാനത്ത് പലയിടത്തും 40 ഡിഗ്രിക്ക് മുകളിൽ ചൂട് ഉയരുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമിക്കാൻ കഴിയുന്ന തരത്തിൽ ജോലി സമയം പുനഃക്രമീകരിക്കണമെന്ന് ലേബർ കമ്മീഷണർ നിർദേശം നൽകുകയും ചെയ്തു. എന്നാൽ ദേശീയപാത നിർമാണത്തിനായി നട്ടുച്ചയിലും ഇതര സംസ്ഥാന തൊഴിലാളികൾ പണിയെടുക്കുകയാണ്.
നേരിട്ട് വെയിൽ ഏൽക്കുന്ന ജോലികൾ രാവിലെ 7 മുതൽ 12 വരെയും 3 മുതൽ 6 വരെയുമുള്ള രണ്ട് ഷിഫ്റ്റുകളിലായി ക്രമീകരിക്കണമെന്നാണ് നിർദേശം. എന്നാൽ കോഴിക്കോട് ജില്ലയിൽ ദേശീയ പാത നിർമാണം പുരോഗമിക്കുന്ന സ്ഥലങ്ങളില്‍ ഇത്തരം ക്രമീകരണമില്ല. പലയിടത്തും പൊരിവെയിലിനൊപ്പം പൊടിശല്യവും രൂക്ഷമാണ്. ദേശീയപാത നിർമാണം നടക്കുന്ന തൊണ്ടയാട് ജങ്ഷനില്‍ നട്ടുച്ചയ്ക്ക് ഉരുകുന്ന വെയിലിലാണ് ഒരു കൂട്ടം തൊഴിലാളികൾ പണിയെടുക്കുന്നത്. ഉച്ച നേരത്ത് പുറത്തിറങ്ങുമ്പോള്‍ പോലും അതീവ ജാഗ്രത പാലിക്കണമെന്ന നിർദേശമുള്ള സമയത്താണ് തൊഴിലാളികളെ കരാറുകാർ ഇത്തരത്തിൽ പൊരിവെയിലത്ത് പണിയെടുപ്പിക്കുന്നത്.