വിവാദങ്ങള്‍ക്കിടെ ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്ററുടെ ധൂര്‍ത്തടി; കവരത്തിയിൽ ബംഗ്ലാവ് പുതുക്കിപ്പണിയുന്നു
|മൂന്നു വര്‍ഷം മുമ്പ് പണി പൂര്‍ത്തിയാക്കിയ ബംഗ്ലാവാണ് സ്വന്തം പ്ലാനനുസരിച്ച് പുതുക്കിപ്പണിയാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ലക്ഷദ്വീപിലെ ജനദ്രോഹപരമായ നടപടികളെചൊല്ലി അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ വ്യാപക വിമര്‍ശനങ്ങളുയരവെ ദ്വീപില്‍ അനാവശ്യ ചിലവില്‍ ബംഗ്ലാവ് പുതുക്കിപ്പണിയുന്നത് പുതിയ വിവാദത്തിന് തിരികൊളുത്തുന്നു. കവരത്തിയിൽ നേരത്തെ പണിത ബംഗ്ലാവ് സ്വന്തം പ്ലാനനുസരിച്ച് പുതുക്കിപ്പണിയാനാണ് അഡ്മിനിസ്ട്രേറ്ററുടെ നിര്‍ദ്ദേശം.
മൂന്നു വര്‍ഷം മുമ്പാണ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ താമസിക്കുന്ന ബംഗ്ലാവിന്റെ പണി പൂര്‍ത്തീകരിച്ചത്. കഴിഞ്ഞ മാസമാണ് ബംഗ്ലാവ് പുതുക്കിപ്പണിയാനുള്ള നിര്‍ദേശം അഡ്മിനിസ്ട്രേറ്റര്‍ നല്‍കുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ദ്വീപില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തിലും ബംഗ്ലാവിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തൊഴിലാളികള്‍ക്ക് പ്രത്യേക പാസ് നല്‍കിയാണ് നിര്‍മാണം നടക്കുന്നത്. ഖജനാവില്‍ വലിയ തോതില്‍ നഷ്ടം വരുത്തുന്ന നടപടിയാണിതെന്നാണ് ആരോപണം.
അതേസമയം, ലക്ഷദ്വീപില്‍ ഇന്ധന വിതരണത്തിലും അഡ്മിനിസ്ട്രേഷന് നിയന്ത്രണം ഏർപ്പെടുത്തി. കൽപേനി ദ്വീപിലാണ് സ്വകാര്യ വാഹനങ്ങൾക്ക് പെട്രോള്‍ നല്‍കുന്നതിന് അഡ്മിനിസ്ട്രേറ്റര്‍ വിലക്കേര്‍പ്പെടുത്തിയത്. കോവിഡ് രൂക്ഷമാകുന്നതിനാലാണെന്നാണ് വിശദീകരണം. ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കുന്ന നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ജനവിരുദ്ധമായ നയങ്ങള്‍ പിന്‍വലിക്കണമെന്നും അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്നുമാണ് വ്യാപകമായി ഉയരുന്ന ആവശ്യം.