ലക്ഷദ്വീപ് കോൺഗ്രസ് സംഘം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
|ലക്ഷദ്വീപ് ജനതയുടെ വികാരങ്ങൾക്കൊപ്പം എക്കാലവും കോൺഗ്രസ് നിലയിറപ്പിച്ചിട്ടുണ്ടെന്നും തുടർന്നും അത് ശക്തമായി തുടരുമെന്നും രാഹുൽ കൂടിക്കാഴ്ചയിൽ ഉറപ്പ് നൽകി
ഡൽഹി: പാർലമെന്‍റ് സമ്മേളനത്തിൻ്റെ തിരക്കിനിടയിലും ലക്ഷദ്വീപ് കോൺഗ്രസ് അധ്യക്ഷനും എംപിയുമായ ഹംദുല്ല സഈദിന്‍റെ നേതൃത്വത്തിൽ ലക്ഷദ്വീപിൽ നിന്നെത്തിയ കോൺഗ്രസ് നേതാക്കളുമായി രാഹുൽ ഗാന്ധി പ്രതേക കൂടിക്കാഴ്ച നടത്തി. ബി.ജെ.പി കേന്ദ്രസർക്കാരിന്‍റെ ഒത്താശയോടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ തുടരുന്ന ജനദ്രോഹ നടപടികളെ കുറിച്ചും വിവിധ മേഖലകളിൽ നടന്നുകൊണ്ടിരിക്കുന്ന തെറ്റായ പരിഷ്കാരങ്ങളും രാഹുൽ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയിൽ സംഘം പങ്കുവെച്ചു.
ലക്ഷദ്വീപ് ജനതയുടെ വികാരങ്ങൾക്കൊപ്പം എക്കാലവും കോൺഗ്രസ് നിലയിറപ്പിച്ചിട്ടുണ്ടെന്നും തുടർന്നും അത് ശക്തമായി തുടരുമെന്നും രാഹുൽ കൂടിക്കാഴ്ചയിൽ ഉറപ്പ് നൽകി. കോൺഗ്രസിന്റെ അഭിമാന മണ്ഡലമായ ലക്ഷദ്വീപ് സീറ്റ് ഉജ്ജ്വല ഭൂരിപക്ഷത്തോടെ തിരിച്ചുപിടിച്ചതിന് ലക്ഷദ്വീപിലെ കോൺഗ്രസ്സ് പ്രവർത്തകർക്ക് അഭിനന്ദനം അറിയിക്കുന്നതായും ദ്വീപ് സന്ദർശിക്കാനുള്ള കോൺഗ്രസ് നേതാക്കളുടെ ക്ഷണം സ്വീകരിക്കുകയും ചെയ്ത രാഹുൽ ഗാന്ധി സന്ദർശനത്തിന്റെ സമയം നിശ്ചയിക്കാൻ തൻ്റെ ഓഫീസിനോട് ആവശ്യപ്പെട്ടു.
ലക്ഷദ്വീപ് പ്രദേശ് കോൺഗ്രസ് ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് നേതാക്കൾ,വിവിധ ദ്വീപുകളിലെ ബ്ലോക്ക് പ്രസിഡൻ്റുമാർ എന്നിവർ അടങ്ങിയ സംഘമാണ് 10 ജൻപതിൽ നടന്ന പ്രത്യേക കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.