Kerala
ലക്ഷദ്വീപില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചകൂടി നീട്ടി; ആറു ദ്വീപുകള്‍ സമ്പൂര്‍ണമായി അടച്ചിടും
Kerala

ലക്ഷദ്വീപില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചകൂടി നീട്ടി; ആറു ദ്വീപുകള്‍ സമ്പൂര്‍ണമായി അടച്ചിടും

Web Desk
|
7 Jun 2021 11:11 AM GMT

കവരത്തി, ആന്ത്രോത്ത്, കല്‍പ്പേനി, അമിനി, മിനികോയ്, ബിത്ര തുടങ്ങിയ ദ്വീപുകളാണ് പൂർണമായും അടച്ചിടുക.

ലക്ഷദ്വീപില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. ആറു ദ്വീപുകള്‍ സമ്പൂര്‍ണമായി അടച്ചിടാനാണ് ഉത്തരവ്. കവരത്തി, ആന്ത്രോത്ത്, കല്‍പ്പേനി, അമിനി, മിനികോയ്, ബിത്ര തുടങ്ങിയ ദ്വീപുകളാണ് പൂർണമായും അടച്ചിടുക.

ഈ ദ്വീപുകളില്‍ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാലു മണി വരെ മാത്രം തുറക്കാം. തുറക്കുന്ന കടകള്‍ ജില്ലാ കലക്ടറുടെ പ്രത്യേക അനുമതി മുന്‍കൂട്ടി വാങ്ങണം.

ഹോട്ടലുകൾക്ക് രാവിലെ 7.30 മുതൽ 9.30 വരെയും ഉച്ചയ്ക്ക് ഒന്നു മുതൽ മൂന്നു വരെയും വൈകീട്ട് ആറു മുതൽ ഒമ്പത് വരെയും പ്രവർത്തിക്കാം. പാർസൽ സർവീസ് മാത്രമേ അനുവദിക്കുകയുള്ളൂ. ഹോട്ടല്‍ ജീവനക്കാര്‍ കോവിഡ് പരിശോധന നടത്തുകയും പ്രത്യേക പാസ് വാങ്ങുകയും വേണം.

മത്സ്യം, മാംസം എന്നിവ ഹോം ഡെലിവറി രൂപത്തില്‍ ഉച്ചയ്ക്ക് മൂന്നു മുതൽ അഞ്ചു വരെ വിൽപന നടത്താം. വില്‍പനക്കാര്‍ കോവിഡ് പരിശോധന നടത്തുകയും പ്രത്യേക അനുമതി വാങ്ങുകയും വേണം. ഇവർ വാഹനം ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിനും പ്രത്യേക അനുമതി വേണം.

അതേസമയം, സമ്പൂര്‍ണമായി അടച്ചിടുന്ന ദ്വീപുകള്‍ക്ക് പുറമെ നാല് ദ്വീപുകളിൽ രാത്രി കർഫ്യൂ നിലനില്‍ക്കും. ഇവിടങ്ങളില്‍ രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചു വരെ കടകൾ തുറക്കാം. അവശ്യ സർവീസുകൾക്കും ഇളവുണ്ടാകും.

Similar Posts