Kerala
ലക്ഷദ്വീപിൽ നിലവിലെ വിജ്ഞാപനങ്ങൾ നടപ്പാക്കില്ല; അമിത് ഷാ ഉറപ്പുനൽകിയെന്ന് ദ്വീപ് എം.പി
Kerala

ലക്ഷദ്വീപിൽ നിലവിലെ വിജ്ഞാപനങ്ങൾ നടപ്പാക്കില്ല; അമിത് ഷാ ഉറപ്പുനൽകിയെന്ന് ദ്വീപ് എം.പി

Web Desk
|
31 May 2021 1:05 PM GMT

ആഭ്യന്തര മന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെടുന്നില്ലെങ്കിൽ സമരം തുടരും.

ലക്ഷദ്വീപിൽ നിലവിലെ വിജ്ഞാപനങ്ങൾ അതേപടി നടപ്പാക്കുകയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പുനൽകിയതായി ദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസൽ. ഇന്നു വൈകിട്ട് ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് എം.പി ഇക്കാര്യം വ്യക്തമാക്കിയത്.

ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ നിര്‍ദേശ പ്രകാരമുള്ള വിവാദ വിജ്ഞാപനങ്ങളില്‍ ഒന്നിലും തുടര്‍നടപടികള്‍ സ്വീകരിക്കില്ലെന്ന് അമിത് ഷാ ഉറപ്പു നല്‍കിയെന്ന് മുഹമ്മദ് ഫൈസൽ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ആഭ്യന്തര മന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെടുന്നില്ലെങ്കിൽ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദ്വീപില്‍ അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് സേവ് ലക്ഷദ്വീപ് ഫോറം എന്ന പേരില്‍ സര്‍വകക്ഷി കൂട്ടായ്മക്ക് രൂപം നല്‍കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഫോറത്തിന്‍റെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്ന ആവശ്യത്തിൽ പോരാട്ടം തുടരുമെന്നും മുഹമ്മദ് ഫൈസൽ വ്യക്തമാക്കി.

അതേസമയം, ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയതായി ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയും വ്യക്തമാക്കി. ജനങ്ങളുടെ അഭിപ്രായങ്ങള്‍ അനുസരിച്ച് തീരുമാനങ്ങള്‍ നടപ്പിലാക്കുമെന്നാണ് അമിത് ഷാ പറഞ്ഞതെന്നാണ് അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ അബ്ദുള്ളക്കുട്ടി പ്രതികരിച്ചത്.

Similar Posts