Kerala
വിവാദങ്ങള്‍ക്കിടെ പുതിയ ഉത്തരവ്:  ലക്ഷദ്വീപില്‍ റിക്രൂട്ട്മെന്‍റുകള്‍ പുനപ്പരിശോധിക്കാന്‍ നിര്‍ദേശം
Kerala

വിവാദങ്ങള്‍ക്കിടെ പുതിയ ഉത്തരവ്: ലക്ഷദ്വീപില്‍ റിക്രൂട്ട്മെന്‍റുകള്‍ പുനപ്പരിശോധിക്കാന്‍ നിര്‍ദേശം

Web Desk
|
26 May 2021 6:22 AM GMT

നിലവിലുള്ള റിക്രൂട്ട്മെന്‍റ് കമ്മിറ്റിയിലെ അംഗങ്ങളുടെ വിവരങ്ങളും കമ്മറ്റിയുടെ കാലാവധിയും അറിയിക്കാനാണ് നിര്‍ദേശം.

വിവാദങ്ങൾക്കിടെ ലക്ഷദ്വീപില്‍ പുതിയ ഉത്തരവിറങ്ങി. റിക്രൂട്ട്മെൻറുകൾ പുനപ്പരിശോധിക്കാനാണ് നിർദേശം. നിലവിലുള്ള റിക്രൂട്ട്മെന്‍റ് കമ്മിറ്റിയിലെ അംഗങ്ങളുടെ വിവരങ്ങളും കമ്മറ്റിയുടെ കാലാവധിയും അറിയിക്കണം.

ലക്ഷദ്വീപിലേക്ക് സ്ഥലംമാറ്റം ലഭിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്യണം. സർക്കാർ ഉദ്യോഗസ്ഥരില്‍ പെർഫോമൻസ് മെച്ചമല്ലാത്ത ഉദ്യോഗാർഥികളെ കണ്ടെത്തി നടപടി എടുക്കുകയും ചെയ്യണം. അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിയുടേതാണ് ഉത്തരവ്. എല്ലാ വകുപ്പുതല മേധാവികൾക്കുമാണ് നിർദേശം നല്‍കിയത്. തദ്ദേശീയരെ ഉള്‍പ്പെടുത്തിയുള്ള റിക്രൂട്ട് കമ്മറ്റിയില്‍ മാറ്റം വരുത്തി ഇഷ്ടക്കാരെ തിരുകി കയറ്റാനുള്ള നടപടിയാണിതെന്നാണ് ആക്ഷേപം. നിലവിലെ ഉദ്യോഗാര്‍ഥികളെ പിരിച്ചുവിടാനും നീക്കം നടക്കുന്നുണ്ട്.

ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങള്‍ക്ക് എതിരെയുള്ള വിവാദങ്ങള്‍ ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാകുമ്പോഴും തുടങ്ങിവെച്ച നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നു തന്നെയാണ് അഡ്മിനിസ്ട്രേറ്ററുടെ നിലപാട്. നടപടികള്‍ക്കെതിരായ പ്രതിഷേധങ്ങളെ പരിഗണിക്കേണ്ടതില്ലെന്നാണ് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. മറ്റു സംസ്ഥാനങ്ങളിലുയരുന്ന പ്രതിഷേധങ്ങളും വൈകാതെ കെട്ടടങ്ങുമെന്ന് പ്രഫുല്‍ പട്ടേല്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് വിവരം.

അതിനിടെ ലക്ഷദ്വീപിൽ സർവകക്ഷി യോഗം ചേരും. നാളെ ഓൺലൈൻ വഴിയാണ് യോഗം. ദ്വീപിലെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും പങ്കെടുപ്പിച്ചാണ് യോഗം. ബിജെപി ഉള്‍പ്പെടെയുള്ള വിവിധ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തേക്കും. തുടർ പ്രതിഷേധ പരിപാടികള്‍ ചർച്ച ചെയ്യും.


Similar Posts