ലക്ഷദ്വീപിൽ മാംസാവശ്യത്തിനായി കാലികളെ കൊണ്ടുപോകുന്നതിനുള്ള സാങ്കേതിക തടസം തുടരുന്നു
|ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ ഖോഡ പട്ടേല്‍ പുതിയ നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് കാലിക്കടത്ത് തടസപ്പെട്ടത്.
കോഴിക്കോട്: ലക്ഷദ്വീപില്‍ മാംസാവശ്യത്തിനായി കാലികളെ കൊണ്ടുപോകുന്നതിനുള്ള സാങ്കേതിക തടസം തുടരുന്നു. ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ദ്വീപ് മൃഗസംരക്ഷണ വകുപ്പ് അനുമതി നല്‍കിയെങ്കിലും കാലികളെ കൊണ്ടുപോകുന്ന പത്തേമാരിക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങിന്റെ അനുമതി വേണമെന്നാണ് പുതിയ നിബന്ധന. ബേപൂർ തുറമുഖ ഓഫീസർ ഇക്കാര്യം ആവശ്യപ്പെട്ടു.
കാലികള്‍ എത്താത്തത് കാരണം കല്യാണ-സത്കാരം പോലും മാറ്റിവെക്കേണ്ട അവസ്ഥയിലെന്ന് ദ്വീപ് നിവാസികള്‍. ബേപ്പൂർ മംഗലാപുരം തുറമുഖങ്ങളില്‍ നിന്നും യന്ത്രവത്കൃത പത്തേരമാരിയിലാണ് കാലികളെ ദ്വീപിലെത്തിച്ചിരുന്നത്. ഭൂരിഭാഗം ജനങ്ങളും മാംസാഹാരം കഴിക്കുന്ന ദ്വീപിലെ മാംസാവശ്യം നിറവേറ്റിയിരുന്നത് ഇങ്ങനെയായിരുന്നു. എന്നാല്‍ ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ ഖോഡ പട്ടേല്‍ പുതിയ നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് കാലിക്കടത്ത് തടസപ്പെട്ടത്.
ലക്ഷദ്വീപ് എന്‍.സി.പി നേതാവ് കുഞ്ഞിക്കോയ തങ്ങള്‍ കേരള ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഇദ്ദേഹത്തിന് ദ്വീപ് മൃഗസംരക്ഷണ വകുപ്പ് അനുമതി നല്കി. ഈ അനുമതിയുമായി ബേപൂർ തുറമുഖത്തെത്തിയപ്പോഴാണ് പുതിയ നിബന്ധന വരുന്നത്.
ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് കുഞ്ഞിക്കോയ തങ്ങള്‍. നേരത്ത കാലികളെ കൊണ്ടുപോകുന്ന പത്തേമാരിക്ക് പ്രത്യേക അനുമതിയൊന്നും വേണ്ടിയിരുന്നില്ല. പുതിയ നിയന്ത്രണങ്ങള്‍ ദ്വീപിനെ അപ്രഖ്യാപിത ഗോ വധ നിരോധനത്തിലേക്കെത്തിച്ചിരിക്കുകയാണെന്നാണ് പരാതി. കുഞ്ഞിക്കോയയുടെ നിയമയുദ്ധം ജയിച്ചാലാണ് മറ്റുള്ളവർക്കു കാലികളെ എത്തിക്കാനായി അപേക്ഷ നല്കാന്‍ കഴിയൂ.