കരിപ്പൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ; വിശദമായ പരിശോധന നടത്തുമെന്ന് മന്ത്രി
|ദേശീയ പാത നിരക്കിൽ നഷ്ടപരിഹാരം നൽകുമെന്നും എല്ലാവരുമായും ചർച്ച നടത്തുമെന്നും മന്ത്രി മന്ത്രി വി.അബ്ദുറഹ്‌മാൻ
കരിപ്പൂർ: വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കലിന് മുമ്പായി വിശദമായ പരിശോധന നടത്തുമെന്ന് മന്ത്രി വി.അബ്ദുറഹ്‌മാൻ . നഷ്ടം കുറഞ്ഞ രീതിയിലാകും ഭൂമി ഏറ്റെടുക്കുകയെന്നും മന്ത്രി പറഞ്ഞു.
ഭൂമി ഏറ്റെടുക്കലിനെക്കുറിച്ച് ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം കരിപ്പൂരിൽ ജനപ്രതിനിധികളുടെ യോഗം ചേർന്നിരുന്നു. മന്ത്രി വി അബ്ദുറഹ്‌മാന്റെ അധ്യക്ഷതയിലായിരുന്നു യോഗം. വിമാനത്താവള വികസനത്തിനായി 18.5 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഭൂമി ഏറ്റെടുക്കന്നതിന് മുമ്പായി ഏറ്റെടുക്കേണ്ട ഭൂമി ഏതൊക്കെയെന്നത് പഠിക്കാനായി പരിശോധന നടത്താൻ യോഗത്തിൽ തീരുമാനമായി. ദേശീയ പാത നിരക്കിൽ നഷ്ടപരിഹാരം നൽകുമെന്നും എല്ലാവരുമായും ചർച്ച നടത്തുമെന്നും മന്ത്രി യോഗത്തിന് ശേഷം പറഞ്ഞു.
അബ്ദുസമദ് സമദാനി എംപി, എം.എൽ.എമാരായ ടി.വി ഇബ്രാഹിം, ഹമീദ് മാസ്റ്റർ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഭൂമി ഏറ്റെടുക്കലിലെ എതിർപ്പ് കുറക്കാനാണ് പരിശോധന നടത്താനുള്ള തീരുമാനത്തിലേക്ക് ജനപ്രതിനിധികൾ എത്തിയത്.