കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടല്‍: വീടുകള്‍ തകര്‍ന്നു, ആളുകളെ സാഹസികമായി രക്ഷപ്പെടുത്തി
|ഇന്നലെ രാത്രി പ്രദേശത്ത് അതിശക്തമായ മഴയുണ്ടായിരുന്നു
കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടല്‍. കോട്ടയം കണമല എഴുത്വാപുഴയിൽ രണ്ടിടത്താണ് ഉരുൾപൊട്ടലുണ്ടായത്. രണ്ട് വീടുകൾ തകർന്നു. വീടുകളിലുള്ളവരെ സാഹസികമായി രക്ഷപ്പെടുത്തി. ബൈപ്പാസ് റോഡും തകർന്നു.
ഇന്നലെ രാത്രി പ്രദേശത്ത് അതിശക്തമായ മഴയുണ്ടായിരുന്നു. രാത്രി 11 മണിക്ക് ശേഷമാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്. മണ്ണിടിഞ്ഞ് രണ്ടു പേര്‍ ചെളിയില്‍ പൂണ്ടുപോകുന്നതിനിടെ നാട്ടുകാര്‍ സാഹസികമായി അവരെ രക്ഷപ്പെടുത്തുകയായിരുന്നു. പലരും ഉരുള്‍പൊട്ടല്‍ സാധ്യത മുന്‍കൂട്ടി കണ്ട് നേരത്തെ തന്നെ സ്ഥലത്തുനിന്ന് മാറിയിരുന്നു. ഈ മുന്‍കരുതല്‍ വലിയൊരു അപകടം ഒഴിവാക്കി.
പത്തനംതിട്ട കൊക്കാത്തോട് വനമേഖലയിലും ഉരുൾപൊട്ടി. ഒരേക്കർ ഭാഗത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഒരേക്കർ ഭാഗത്ത് നാല് വീടുകളിൽ വെള്ളം കയറി. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നു. മണിമലയാറ്റിലും വെള്ളം ഉയരുകയാണ്.