Kerala
Disaster: Parallel search started in Chaliyar and Ulvan, latest news malayalam ഉരുൾദുരന്തം: ചാലിയാറിലും ഉൾവനത്തിലുമായി സമാന്തര തിരച്ചിൽ ആരംഭിച്ചു
Kerala

ഉരുൾപൊട്ടൽ: ചാലിയാറിൽ നിന്ന് ആകെ ലഭിച്ചത് 67 മൃതദേഹങ്ങളും 121 ശരീര ഭാഗങ്ങളും

Web Desk
|
2 Aug 2024 4:14 PM GMT

നാലാം ദിനത്തിൽ ലഭിച്ചത് 5 മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളും

മലപ്പുറം: ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ 67 മൃതദേഹങ്ങളും 121 ശരീര ഭാഗങ്ങളും ഇതുവരെ ലഭിച്ചു. 35 പുരുഷന്മാരുടെയും 27 സ്ത്രീകളുടേയും 3 ആൺകുട്ടികളുടേയും 2 പെൺകുട്ടികളുടേയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇത് കൂടാതെ 121 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. ഇന്ന് മാത്രം 5 മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളുമാണ് ലഭിച്ചത്.

പൊലീസ്, വനം, ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ്, നാട്ടുകാർ, നൂറുകണക്കിന് വളണ്ടിയർമാർ തുടങ്ങിയവർ ചേർന്ന് നാല് ദിവസമായി നടത്തിയ തിരച്ചിലിലാണ് ഇത്രയും കണ്ടെത്തിയത്. ഇതുവരെ 180 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടേയും പോസ്റ്റ്മോർട്ടം പൂർത്തിയായി. 149 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കൾ ഏറ്റെടുക്കുകയും ചെയ്തു.

ചാലിയാറിന്റെ ചുങ്കത്തറ കൈപ്പിനി, എഴുമാംപാടം, കുട്ടംകുളം, അമ്പിട്ടംപൊട്ടി, മുണ്ടേരി വാണിയംപുഴ എന്നിവിടങ്ങളിൽ നിന്നുമാണ് സംയുക്ത പരിശോധാ സംഘവും സന്നദ്ധ സംഘടനകളും മൃതദേഹങ്ങൾ കണ്ടെടുത്തത്. രാവിലെ മുതൽ എൻ.ഡി.ആർ.എഫ്, നവികസേന, അഗ്നിരക്ഷാ സേന, വനം വകുപ്പ് ഉദ്യോ​ഗസ്ഥർ, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ ചാലിയാറിന്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിലാരംഭിച്ചിരുന്നു.

ഏഴ് മണിക്ക് സംയുക്ത സേനകൾ നാവികസേനയുടെ ചോപ്പറിൽ വയനാട്-മലപ്പുറം ജില്ലാ അതിർത്തി മേഖലയായ സൂചിപ്പാറയിൽ തിരച്ചിൽ നടത്തി. പൊലിസ് സേനയുടെ ചോപ്പറും തിരച്ചിലിനായി ഉപയോഗിച്ചിരുന്നു. അതിദുർഘടമായ വനമേഖലയായതിനാലാണ് ചോപ്പറുകൾ ഉപയോഗിച്ചത്. സേനകൾ സൂചിപ്പാറയിലിറങ്ങി വനമേഖലയിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ഇവർ മടങ്ങുകയായിരുന്നു.

മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തുന്നതിന് പ്രത്യേക പരിശീലനം നേടിയ നായയുമായി ഇടുക്കിയിൽ നിന്നെത്തിയ പൊലീസ് സേനാംഗങ്ങൾ മുണ്ടേരി ഇരട്ടുകുത്തി മുതൽ മാളകം വരെയുള്ള ചാലിയാർ പുഴയുടെ തീരങ്ങളിൽ പരിശോധന നടത്തിയിരുന്നു. വാണിയംപുഴ, കുമ്പളപ്പാറ ഭാഗങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനകളും ഇന്നലെ നടന്നു.

ലഭിച്ച മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ അശുപത്രിയിലേക്ക് മാറ്റി. ചാലിയാറിന്റെ കൂടുതൽ ഭാഗങ്ങളിൽ വെള്ളിയാഴ്ച തിരച്ചിൽ നടത്തിയിരുന്നു. ഉച്ചവരെ മഴ മാറിനിന്നത് തിരച്ചിലിന് അനകൂലഘടകമായി. ഉച്ചയോടെ കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഇരുട്ടുകുത്തിയിലെത്തി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. അവസാന മൃതദേഹം കണ്ടെത്തുംവരെ ചാലിയാർ പുഴയിൽ പരിശോധന തുടരുമെന്ന് മന്ത്രി അറിയിച്ചു. വൈകിട്ട് അഞ്ച് മണിയോടെ നാലാം ദിനത്തിലെ പരിശോധനകൾ നിർത്തി സംഘാംഗങ്ങളും ഉദ്യോഗസ്ഥരും മടങ്ങി. ശനിയാഴ്ചയും പരിശോധന തുടരും.

Similar Posts