Kerala
പത്തനംതിട്ടയിൽ ശക്തമായ മഴ; രണ്ടിടത്ത് ഉരുൾപൊട്ടി
Kerala

പത്തനംതിട്ടയിൽ ശക്തമായ മഴ; രണ്ടിടത്ത് ഉരുൾപൊട്ടി

Web Desk
|
23 Oct 2021 1:45 PM GMT

ആങ്ങമൂഴി കോട്ടമൺപാറയിലും റാന്നി പനംകുടന്തയിലുമാണ് ഉരുൾപൊട്ടിയത്.

പത്തനംതിട്ടയിൽ മലയോര മേഖലകളിൽ ശക്തമായ മഴ. ആങ്ങമൂഴി കോട്ടമൺപാറയിലും റാന്നി പനംകുടന്തയിലുമാണ് ഉരുൾപൊട്ടിയത്.

കുരുമ്പൻ മൊഴിയിലെ ഉരുൾപൊട്ടലിനെ തുടർന്ന് ഒരു വീട് തകർന്നു. മണക്കയം തോടിന് മറുവശത്ത് ഗര്‍ഭിണിയും വയോധികരും അടക്കം ഇരുപതോളം പേര്‍ ഒറ്റപ്പെട്ടു. പ്രദേശത്തെ രണ്ട് പാലങ്ങൾക്കും കേടുപാട് സംഭവിച്ചു. കോട്ടമൺപാറയിൽ കാർ ഒലിച്ചുപോയി. ലക്ഷ്മീഭവനിൽ സഞ്ജയന്റെ കാറാണ് ഒഴുക്കിൽപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ പുരയിടത്തിലെ തൊഴുത്തും തകർന്നു.

ഉരുള്‍പൊട്ടലിന് പിന്നാലെ പമ്പയാറിന്‍റെ കൈവഴിയില്‍ ജലനിരപ്പ് കൂടി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഉരുള്‍പൊട്ടിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷം വനമേഖലയില്‍ മാത്രം 7.4 സെന്‍റീമീറ്റര്‍ മഴ പെയ്തു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഡാമുകളിലെ ജലനിരപ്പ് സുരക്ഷിതമായ അളവില്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയായി

മഴ കനത്തതും വൃഷ്ടിപ്രദേശത്തെ നീരൊഴുക്ക് കൂടിയതും കാരണമാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നത്. 138 അടിയിലേക്ക് വെള്ളമെത്തിയാല്‍ രണ്ടാമത്തെ അറിയിപ്പ് തമിഴ്നാട് സര്‍ക്കാര്‍ നല്‍കും. 140 അടിയിലേക്കെത്തിയാലാണ് ആദ്യത്തെ മുന്നറിയിപ്പ് കേരളത്തിന് നല്‍കുക. 141 അടിയായാല്‍ രണ്ടാമത്തെയും 142 അടിയായാല്‍ മൂന്നാമത്തെയും മുന്നറിയിപ്പ് നല്‍കും. 142 അടിയിലേക്ക് വെള്ളമെത്തിയാല്‍ ഇടുക്കി ഡാമിലേക്കാണ് ജലമെത്തുക.

ഇടുക്കിയിലും കോട്ടയത്തും വീണ്ടും ശക്തമായ മഴ

ഇടുക്കിയിലും കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലും വീണ്ടും ശക്തമായ മഴ. സംസ്ഥാനത്ത് ഇന്നും നാളെയും ഇടിയോട് കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയോടെയാണ് ഇടുക്കിയിലും കോട്ടയത്തും മഴ ശക്തമായത്. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയില്‍ ശക്തമായ മഴയാണ് പെയ്തത്. നേരത്തെ ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലിയിലും ശക്തമായ മഴയുണ്ട്. മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു. എരുമേലി വണ്ടൻപതാലിൽ മണ്ണിടിച്ചിലുണ്ടായി. തൊടുപുഴ കെകെആർ ജംഗ്ഷനിൽ വീടുകളിൽ വെള്ളം കയറി. ഫയർഫോഴ്സ് എത്തി കൈക്കുഞ്ഞിനെയടക്കം രക്ഷപ്പെടുത്തി. തെക്കൻ തമിഴ്നാട് തീരത്ത് രൂപപെട്ട ചക്രവാത ചുഴിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴയുണ്ടാവുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്.


Similar Posts