Kerala
അവിടെപ്പോയി എന്താ അവസ്ഥയെന്ന് അറിയില്ല, പ്രാര്‍ഥിക്ക്യാ; നോവായി അശ്വതിയുടെ യാത്ര പറച്ചില്‍
Kerala

'അവിടെപ്പോയി എന്താ അവസ്ഥയെന്ന് അറിയില്ല, പ്രാര്‍ഥിക്ക്യാ'; നോവായി അശ്വതിയുടെ യാത്ര പറച്ചില്‍

Web Desk
|
27 April 2021 9:06 AM GMT

കോവിഡ് മുന്നണിപ്പോരാളിയായി പ്രവര്‍ത്തിക്കുന്നതിനിടെ ജീവന്‍ പൊലിഞ്ഞ അശ്വതിക്ക് 25 വയസ്സ് മാത്രമാണ് പ്രായം

കോവിഡ് ബാധിച്ച് വയനാട്ടിലെ ആരോഗ്യപ്രവര്‍ത്തക അശ്വതിയുടെ മരണം കേരളത്തെയാകെ കണ്ണീരിലാഴ്ത്തി. കോവിഡ് മുന്നണിപ്പോരാളിയായി പ്രവര്‍ത്തിക്കുന്നതിനിടെ ജീവന്‍ പൊലിഞ്ഞ അശ്വതിക്ക് 25 വയസ്സ് മാത്രമാണ് പ്രായം. അശ്വതി ചികിത്സക്കായി ആശുപത്രിയിലേക്ക് പോകും മുന്‍പ് പറഞ്ഞതിങ്ങനെയായിരുന്നു..

''അപ്പോ പ്രാർഥിക്കുക, നോക്കട്ടെ അവിടെപ്പോയിട്ട് എന്താണെന്നറിയത്തില്ല. അവിടെപ്പോയിട്ട് നോക്കാം'', നിറഞ്ഞ ചിരിയോടെ സംസാരിക്കുന്ന അശ്വതിയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ആ പോക്ക് ഒരിക്കലും തിരിച്ചുവരാത്ത പോക്കാണെന്ന് വീഡിയോ ചിത്രീകരിച്ച സുഹൃത്തുക്കളും അറിഞ്ഞില്ല.

ജില്ലാ ടി.ബി പ്രോഗ്രാമിന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ എന്‍.ടി.ഇ.പി ലാബ് ടെക്‌നീഷ്യനായിരുന്നു അശ്വതി. കോവിഡ് ബാധിച്ച് മാനന്തവാടിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. വൃക്കസംബന്ധമായ അസുഖവും ഉണ്ടായിരുന്നുവെന്നാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചത്. കോവിഡിനെതിരായ പോരാട്ടം ശക്തമാക്കുന്ന സമയത്ത് അശ്വതിയുടെ വേര്‍പാട് തീരാദു:ഖമാണ്. അശ്വതിയുടെ അകാല വേര്‍പാടില്‍ കുടുംബത്തിന്റെ ദു:ഖത്തോടൊപ്പം പങ്കുചേരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അശ്വതി രണ്ട് വര്‍ഷം മുന്‍പാണ് മാനന്തവാടിയിലെ വയനാട് ജില്ലാ ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനായി ജോലിയില്‍ പ്രവേശിച്ചത്. തോട്ടം തൊഴിലാളിയാണ് അശ്വതിയുടെ പിതാവ്. കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നു.

Similar Posts