നടൻ കലാഭവൻ ഹനീഫിന്റെ സംസ്‌കാരം ഇന്ന്
|മമ്മൂട്ടി അടക്കമുള്ള സിനിമ മേഖലയിലെ പ്രമുഖർ ഇന്നലെ ഹനീഫിന്റെ മട്ടാഞ്ചേരിയിലെ വസതിയിലെത്തി അന്ത്യമോപചാരം അർപ്പിച്ചു
കൊച്ചി: അന്തരിച്ച സിനിമ നടൻ കലാഭവൻ ഹനീഫിന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 11.30ന് മട്ടഞ്ചേരി ചെമ്പട്ട് പള്ളി ഖബർസ്ഥാനിലാണ് ഖബറടക്കം നടക്കുക. രാവിലെ ഒമ്പത് മണി മുതൽ എറണാകുളം ശാന്തി മഹല്ലിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. മമ്മൂട്ടി അടക്കമുള്ള സിനിമ മേഖലയിലെ പ്രമുഖർ ഇന്നലെ ഹനീഫിന്റെ മട്ടാഞ്ചേരിയിലെ വസതിയിലെത്തി അന്ത്യമോപചാരം അർപ്പിച്ചു. ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഹനീഫ് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അന്തരിച്ചത്.
കലാഭവൻ ഹനീഫ് നിരവധി ജനപ്രിയ സിനിമകളിൽ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 150ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. എറണാകുളം മട്ടാഞ്ചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫ് ജനിച്ചത്. സ്‌കൂൾ പഠന കാലത്തുതന്നെ മിമിക്രിയിൽ സജീവമായിരുന്നു. പിന്നീട് നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി.
1990ൽ ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് കലാഭവൻ ഹനീഫ് സിനിമാരംഗത്തെത്തിയത്. 2001-ൽ റിലീസ് ചെയ്ത ദിലീപ് ചിത്രങ്ങളായ 'ഈ പറക്കും തളിക'യിലെ കല്യാണചെറുക്കന്റെ വേഷവും, പാണ്ടിപ്പടയിലെ ചിമ്പു എന്ന കഥാപാത്രവും ഹനീഫിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച വേഷങ്ങളായിരുന്നു.
സിനിമകൾ കൂടാതെ അറുപതോളം ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 'കോമഡിയും മിമിക്‌സും പിന്നെ ഞാനും' അടക്കം പല ടെലിവിഷൻ ഷോകളുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും വിദേശത്തുമായി നിരവധി മിമിക്രി ഷോകളിൽ ഹനീഫ് പങ്കെടുത്തിട്ടുണ്ട്. ഭാര്യ: വാഹിദ. മക്കൾ: ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ്.
Late film actor Kalabhavan Haneefa's cremation will be held today