ലാവ്‍ലിന്‍ കേസ്: സി.ബി.ഐയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
|പിണറായി വിജയനടക്കം മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് ഹരജി
മുഖ്യമന്ത്രി പിണറായി വിജയനടക്കം മൂന്ന് പേരെ ലാവ്‍ലിൻ കേസ് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ സി.ബി.ഐയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഇന്ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ നിന്ന് ഈ ഹരജികള്‍ നീക്കരുതെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
ഹരജികൾ പല തവണ ലിസ്റ്റ് ചെയ്തിട്ടും മാറിപ്പോകുന്നതു ഹരജിക്കാരിൽ ഒരാളായ ടി.പി നന്ദകുമാറിന്റെ അഭിഭാഷക കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നാണ് സെപ്തംബർ 13ലെ പട്ടികയിൽ നിന്ന് ഹരജികൾ നീക്കരുതെന്നു ചീഫ് ജസ്റ്റിസ് നിർദേശിച്ചത്.
പിണറായി വിജയൻ ഉൾപ്പെടെ മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിച്ചത്. കേസിൽ 2018 ജനുവരി 11ന് സുപ്രിംകോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വർഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹരജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്. പിണറായി വിജയന്‍, മുന്‍ ഊര്‍ജവകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്‍റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐ സുപ്രിംകോടതിയിൽ എത്തിയത്.