അഭിഭാഷകനെ മര്‍ദ്ദിച്ച കേസ്; പൊലീസ് ഉദ്യോഗസ്ഥൻ്റെ സ്വത്ത് കണ്ടുകെട്ടാന്‍ ഹൈക്കോടതി അനുമതി
|കരുനാഗപ്പള്ളി സ്റ്റേഷനിലെ മുന്‍ സിഐ അലോഷ്യസ് അലക്സാണ്ടറിൻ്റെ അപ്പീല്‍ തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്
എറണാകുളം: അഭിഭാഷകനെ മര്‍ദ്ദിച്ച കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്റെ സ്വത്ത് കണ്ടുകെട്ടാന്‍ ഹൈക്കോടതിയുടെ അനുമതി. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ മുന്‍ സിഐ അലോഷ്യസ് അലക്സാണ്ടറിന്റെ അപ്പീല്‍ തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. 25 ലക്ഷം രൂപയ്ക്ക് തുല്യമായ സ്വത്ത് കണ്ടുകെട്ടാനുള്ള കരുനാഗപ്പള്ളി സബ്കോടതിയുടെ ഉത്തരവ് ജസ്റ്റിസ് സി. ഗിരീഷ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ശരിവെച്ചു.
അലോഷ്യസ് അലക്സാണ്ടറിന്റെ സ്വത്തിനുമേൽ ബാങ്ക് ലോണുണ്ട്. ഇതനുസരിച്ചുള്ള ജപ്തി നടപടികളുമായി ബാങ്കിന് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. 2022 സെപ്തംബറില്‍ കൊല്ലത്ത് അഭിഭാഷകനായ പനമ്പില്‍ ജയകുമാറിനെ പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ചെന്നാണ് നിയമ നടപടിക്ക് ആധാരമായ കേസ്.
പൊലീസ് മര്‍ദ്ദനത്തില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം തേടിയായിരുന്നു അഭിഭാഷകന്റെ സിവില്‍ നിയമ നടപടി. സ്വത്ത് കണ്ടുകെട്ടാനുള്ള കോടതി ഉത്തരവിന് പിന്നാലെ വായ്പ തിരിച്ചടയ്ക്കണമെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന് ബാങ്ക് നല്കിയ നിര്‍ദ്ദേശം. ഈ സാഹചര്യത്തിലാണ് സിഐ അലോഷ്യസ് അലക്സാണ്ടര്‍ ഹൈക്കോടതിയെ സമീപിച്ചതും അപ്പീലില്‍ തിരിച്ചടിയേറ്റതും.