വിവാഹ തട്ടിപ്പ്; പഞ്ചായത്ത് വകുപ്പിലെ എൽ.ഡി ക്ലർക്ക് അറസ്റ്റിൽ
|70 പവൻ സ്വർണാഭരണങ്ങളും 50 സെന്റ് വസ്തുവും മാരുതി സ്വിഫ്റ്റ് കാറുമാണ് രണ്ടാം വിവാഹത്തിൽ സ്ത്രീധനമായി ഇയാൾ കൈപ്പറ്റിയത്.
കൊല്ലം: ആദ്യ വിവാഹം മറച്ചുവച്ച് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ പഞ്ചായത്ത് വകുപ്പിലെ എൽ.ഡി ക്ലർക്ക് പിടിയിൽ. കൊല്ലം കൊട്ടാരക്കര മാങ്കോട് മതിരതൂറ്റിക്കൽ ശ്രീകുലം വീട്ടിൽ ശ്രീനാഥ് ആണ് അറസ്റ്റിലായത്. തിരുവനന്തപുരം റൂറൽ ക്രൈംബ്രാഞ്ച് പൊലീസാണ് പ്രതിയെ പിടികൂടിയത്.
2021 ഫെബ്രുവരിയിലാണ് ഇയാളുടെ ആദ്യ വിവാഹം നടന്നത്. ഈ വിവാഹബന്ധം നിലനിൽക്കവെ ചീരാണിക്കര സ്വദേശിനിയായ മറ്റൊരു യുവതിയെ കല്യാണം കഴിക്കാനായി ഇവരുടെ മാതാപിതാക്കളുമായി ആലോചിക്കുകയും 2022 മെയിൽ വിപുലമായ രീതിയിൽ 1400ഓളം പങ്കെടുത്ത ചടങ്ങിൽ വീണ്ടും വിവാഹിതനാവുകയും ചെയ്തു. ഇതിൽ 70 പവൻ സ്വർണാഭരണങ്ങളും 50 സെന്റ് വസ്തുവും മാരുതി സ്വിഫ്റ്റ് കാറും സ്ത്രീധനമായി കൈപ്പറ്റുകയും ചെയ്തു.
ഇതിനിടെ, ഇയാളുടെ ആദ്യ വിവാഹത്തെ കുറിച്ച് രണ്ടാം ഭാര്യ അറിയുകയും വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പരാതിയിൽ ശ്രീനാഥിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം തുടരന്വേഷണത്തിനായി ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് കൈമാറുകയും ചെയ്തു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ വിവാഹങ്ങളുടെ രേഖാപരമായ തെളിവുകളുടെയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞ പ്രതിയെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജി. ഉജ്വൽ കുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐ ഷംനാദ്, സിവിൽ പൊലീസ് ഓഫീസർമാരായ സതീഷ്, ആൽബിൻ, ബിനു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.