'ഇൻഡിഗോ മാത്രമല്ല രാജ്യത്തുള്ളത്'; ട്രെയിനിൽ ഇ.പി ജയരാജന്റെ കണ്ണൂർയാത്ര
|''അവർ മൂന്നാഴ്ചയല്ലേ പറഞ്ഞത്. ഞാൻ അവരുടെ ഫ്‌ളൈറ്റിലേ യാത്ര ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു. കെ-റെയിൽ വന്നിരുന്നെങ്കിൽ വളരെ സുഖകരമാകുമായിരുന്നു. അതിനാൽ കെ-റെയിലിനു വേണ്ടി എല്ലാവർക്കും സഹകരിച്ചു പ്രവർത്തിക്കാം.''
കോട്ടയം: ഇൻഡിഗോയുടെ യാത്രാവിലക്കിനു പിന്നാലെ ട്രെയിനിൽ തിരുവനന്തപുരത്തേക്ക് തിരിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഇന്ന് രാവിലെ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കുള്ള ഇൻഡിഗോ ഫ്‌ളൈറ്റിൽ യാത്ര ചെയ്യാൻ ബുക്ക് ചെയ്തിരുന്നതാണ്. എന്നാൽ, വിമാനവിലക്കിനു പിന്നാലെയാണ് യാത്ര ട്രെയിനിലാക്കിയത്. ഇൻഡിഗോയിൽ ഇനി യാത്രചെയ്യാനേ ഉദ്ദേശിക്കുന്നില്ലെന്ന് ജയരാജൻ 'മീഡിയവണി'നോട് പറഞ്ഞു.
''മുൻപും ട്രെയിനിൽ യാത്ര ചെയ്യുന്നയാളാണ് ഞാൻ. കണ്ണൂരിൽ ഒരു എയർപോർട്ട് വന്നതുകൊണ്ട്, തിരുവനന്തപുരത്തേക്ക് ഫ്‌ളൈറ്റ് സർവീസുള്ളതുകൊണ്ട് അതിലങ്ങ് പോകുന്നുവെന്നേയുള്ളൂ. ഇൻഡിഗോ തെറ്റായ നിലപാടാണ് സ്വീകരിച്ചത്. അവർക്ക് ഞാൻ മറുപടി കൊടുത്തിരുന്നു. കാര്യങ്ങൾ എല്ലാം അറിയാക്കാമെന്ന് അവർ പറയുകയും ചെയ്തതയാണ്. എന്നാൽ, അറിയിച്ചില്ല. രാവിലെ ടെലിവിഷൻ ചാനലിലൂടെയാണ് ഞാൻ ഇത് അറിഞ്ഞത്.''യാത്രാവിലക്കിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു.
''അവർ മൂന്നാഴ്ചയല്ലേ പറഞ്ഞത്. ഞാൻ അവരുടെ ഫ്‌ളൈറ്റിലേ യാത്ര ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു. കെ-റെയിൽ വന്നിരുന്നെങ്കിൽ വളരെ സുഖകരമാകുമായിരുന്നു. അതിനാൽ കെ-റെയിലിനു വേണ്ടി എല്ലാവർക്കും സഹകരിച്ചു പ്രവർത്തിക്കാം. ഇത് ജനങ്ങളിൽ പ്രതികരണമുണ്ടാക്കും. ഒരു ഇസെഡ് കാറ്റഗറിയിലുള്ള വി.ഐ.പി സഞ്ചരിക്കുന്ന വിമാനത്തിൽ ക്രിമിനലുകൾ യാത്ര ചെയ്യുക, അവർ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ആസൂത്രിതമായി വരുന്നു, അക്കാര്യം നേരത്തെ തന്നെ ഇൻഡിഗോ വിമാന സർവീസുകാർ അറിഞ്ഞിട്ടും വിലക്കിയില്ല.''
ഇൻഡിഗോ മാത്രമല്ല രാജ്യത്ത് വിമാന സർവീസായുള്ളത്. ഒരുപാട് സർവീസുണ്ട്. ഇൻഡിഗോയിൽ ഇനി കയറാനേ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചവരെ കൈയേറ്റം ചെയ്തതിനാണ് ഇ.പി ജയരാജന് ഇൻഡിഗോ എയർലൈൻസ് മൂന്നാഴ്ചത്തെ യാത്രാവിലക്ക് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാർക്ക് രണ്ടാഴ്ചത്തെ വിലക്കുമുണ്ട്. ഇൻഡിഗോ വൃത്തികെട്ട കമ്പനിയാണെന്നും അവരുടെ ഫ്‌ളൈറ്റ് സർവീസ് ബഹിഷ്‌കരിക്കുമെന്നും വിലക്കിനോട് പ്രതികരിച്ച് ജയരാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇ.പി ജയരാജനെ ഇൻഡിഗോ വിലക്കിയത് പുനഃപരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. വസ്തുതകൾ പൂർണമായും പരിശോധിക്കാതെയാണ് ഇൻഡിഗോയുടെ നടപടി. മുഖ്യമന്ത്രിയെ പ്രതിഷേധക്കാർ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തടയുകയാണ് ജയരാജൻ ചെയ്തതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.
Summary: LDF convener EP Jayarajan travels to Kannur in train after the Indigo's three week travel ban