'സുകുമാരക്കുറുപ്പ് പോയിട്ട് എത്ര കാലമായി? എന്നിട്ട് പിടിച്ചോ?'- എ.കെ.ജി സെന്‍റര്‍ ആക്രമണത്തില്‍ ഇ.പി ജയരാജൻ
|'പൊലീസ് ജാഗ്രതയോടെ അന്വേഷിക്കുന്നുണ്ട്'
തിരുവനന്തപുരം: എ.കെ.ജി സെന്‍റര്‍ ആക്രമണത്തിലെ അന്വേഷണത്തെക്കുറിച്ച് പ്രതികരിച്ച് ഇ.പി ജയരാജൻ. സംഭവത്തെ കുറിച്ച് പൊലീസ് ജാഗ്രതയോടെ അന്വേഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുകുമാരക്കുറുപ്പ് പോയിട്ട് എത്ര കാലമായി, എന്നിട്ട് പിടിച്ചോ എന്നും ജയരാജൻ മാധ്യമങ്ങളോട് ചോദിച്ചു.
'തന്നെ വെടിവെക്കാൻ ആളെ വിട്ട സുധാകരൻ അക്കാര്യം സമ്മതിച്ചിട്ടില്ല. കെ.സുധാകരന്റെ അത്ര തരം താഴാനില്ല. ബോംബുമായി തനിക്ക് പരിചയമില്ല. അക്കാര്യം ചോദിക്കേണ്ടത് കെ. സുധാകരനോടാണെന്നും ഇ.പി ജയരാജൻ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ മുൻ ജയിൽ മേധാവി ആർ.ശ്രീലേഖയുടെ വെളിപ്പെടുത്തലിനോട് ഒന്നും പറയാനില്ലെന്നും കോടതിയിൽ ഉള്ള വിഷയത്തിൽ ഇപ്പോൾ ഇടപെട്ട് എന്തെങ്കിലും പ്രത്യേകമായി പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.നിയമപരമായ കാര്യങ്ങൾ നിയമപരമായിട്ട് തന്നെ പരിശോധിക്കും. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ സർക്കാർ പരിശോധിക്കുമെന്നും ജയരാജൻ പറഞ്ഞു.
കോടതിയിൽ നിന്ന് ശരിയായ നിലപാട് തന്നെയാണ് ഉണ്ടാകുക എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. പൊലീസിൻറെ പ്രവർത്തനം സംശുദ്ധമല്ല എന്ന തരത്തിലുള്ള ആരോപണങ്ങൾ എക്കാലത്തും ഉണ്ടാകാറുണ്ട്. പക്ഷേ പൊലീസിൻറെ തലപ്പത്തിരുന്നുകൊണ്ട് ഭരിച്ച ഉദ്യോഗസ്ഥയാണ് ഇപ്പോൾ ഇങ്ങനെ പറയുന്നത്. സർവീസിൽ നിന്ന് വിരമിച്ചാൽ സാധാരണ പൗരനാണ്. അപ്പോള്‍ അതനുസരിച്ചുള്ള നടപടിയേ സ്വീകരിക്കാനാകൂവെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.