'മുഹമ്മദ് കുട്ടിയുടെ പ്രശ്നമെന്താണെന്ന് അറിയില്ല'; പി.രാജീവിനെ സംരക്ഷിച്ച് ഇ.പി.ജയരാജൻ
|രാജീവിന് പ്രത്യേക ശത്രുതയില്ലെന്നും എറണാകുളം സി.പി.എമ്മിൽ വിഭാഗീയത ഇല്ലെന്നും ഇ.പി ജയരാജൻ മീഡിയവണിനോട്
കൊച്ചി: വ്യവസായ മന്ത്രി പി.രാജീവിന് എതിരായുള്ള വ്യവസായി മുഹമ്മദ് കുട്ടിയുടെ ആരോപണത്തിൽ പ്രതികരണവുമയി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ആരോപണങ്ങളിൽ കഴമ്പുണ്ട് എന്ന് കരുതുന്നില്ല. മുഹമ്മദ് കുട്ടിയുടെ പരാതി വന്നാൽ അത് പരിശോധിക്കും. മന്ത്രി പി രാജീവിന് പ്രത്യേകിച്ച് ഒരു വിരോധമുണ്ട് എന്ന് കരുതുന്നില്ലെന്നും എറണാകുളം ജില്ലയിലെ സി.പി.എമ്മിൽ വിഭാഗീയതയില്ലെന്നും ഇ.പി ജയരാജൻ മീഡിയവണിനോട് പറഞ്ഞു.
'മുഹമ്മദ് കുട്ടിയുടെ പ്രശ്നം എന്താണ് എന്ന് അറിയില്ല. പരാതി വന്നാൽ അത് പരിശോധിക്കും. മുഹമ്മദ് കുട്ടി ഇതുവരെയും ഇത്തരം ഒരു ആക്ഷേപം ഉന്നയിച്ചതായി ശ്രദ്ധയിൽപ്പെട്ടില്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു. എൽ.ഡി.എഫ് സർക്കാരിന്റെത് വ്യവസായങ്ങളെ പ്രോത്സഹിപ്പിക്കുന്ന സമീപനമാണ്. പി.രാജീവിന് പ്രത്യേകിച്ച് ഒരു വിരോധമുണ്ട് എന്ന് കരുതുന്നില്ല. പി.രാജീവിനെ അനാവശ്യമായി വലിച്ചിഴക്കേണ്ട ആവശ്യമില്ല. എറണാകുളം ജില്ലയിലെ സിപിഎമ്മിൽ ഒരു വിഭാഗീയതയും ഇല്ല. ഒരു ടീം എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്..' ഇ.പി ജയരാജൻ പറഞ്ഞു.
തന്റെ വ്യവസായ സ്ഥാപനത്തിനെതിരെ സിപിഎമ്മും സർക്കാരും നീങ്ങുന്നത് പി രാജീവിന്റെ ശത്രുത കൊണ്ടാണെന്നാണ് ഫാൽക്കൺ ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എന്.എ മുഹമ്മദ് കുട്ടിയുടെ ഈരോപണം .സിപിഎമ്മിലെ വിഭാഗീയതയാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്നും പി.രാജീവ് തന്റെ സാമ്പത്തിക സഹായം പറ്റിയിട്ടുണ്ടെന്നും മുഹമ്മദ് കുട്ടി ആരോപിച്ചിരുന്നു.
മന്ത്രിയുടെയും സിപിഎം പ്രാദേശിക നേതാക്കളുടെയും പേരെടുത്തു പറഞ്ഞുകൊണ്ട് ആറ് പേജ് വരുന്ന മരണക്കുറിപ്പ് തയ്യാറാക്കിയിരിക്കുകയാണ് മുഹമ്മദ് കുട്ടി. മരണക്കുറിപ്പിൽ പറയുന്ന എല്ലാ ആരോപണങ്ങൾക്കും ഉൾപ്പെടെയുള്ള തെളിവുകൾ കുട്ടനാട് എംഎൽഎ തോമസ് കെ.തോമസിനെ ഏൽപിച്ചിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു.