അടിപതറിയ ഇടത്; പരാജയത്തിന്റെ അഞ്ചു കാരണങ്ങൾ
|ഇത്രയും വലിയ പരാജയം എൽഡിഎഫ് പ്രതീക്ഷിച്ചിരുന്നില്ല എന്നതു പോലെ ഇത്ര വലിയ വിജയം യുഡിഎഫ് ക്യാമ്പും നിനച്ചിരുന്നില്ല
മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിന്റെ ചുക്കാന്‍ നേരിട്ട് ഏറ്റെടുത്തിട്ടും തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ അടിപതറിയിരിക്കുകയാണ് എൽഡിഎഫ്. അവിശ്വസനീയമായ വിജയമാണ് പി.ടി തോമസിന്റെ ഭാര്യയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഉമാ തോമസിനുണ്ടായിട്ടുള്ളത്. ഇത്രയും വലിയ പരാജയം എൽഡിഎഫ് പ്രതീക്ഷിച്ചിരുന്നില്ല എന്നതു പോലെ ഇത്ര വലിയ വിജയം യുഡിഎഫ് ക്യാമ്പും നിനച്ചിരുന്നില്ല.
എൽഡിഎഫ് തോറ്റത് എവിടെ? ഇതാ അഞ്ചു കാരണങ്ങൾ
പാളിയ സ്ഥാനാർത്ഥി നിർണയം
സ്വകാര്യ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് എന്ന നിലയിൽ പ്രശസ്തനാണ് എങ്കിലും ജോ ജോസഫ് മികച്ച സ്ഥാനാർത്ഥിയായിരുന്നില്ല. പ്രഖ്യാപനത്തിന് മുമ്പ് ഇടത് കേന്ദ്രങ്ങളിൽ വരെ ജോസഫ് അപരിചിതനായിരുന്നു. മറ്റൊരാൾക്കു വേണ്ടി ചിലയിടങ്ങളിൽ പാർട്ടി പ്രവർത്തകർ ചുവരെഴുതുക വരെ ചെയ്ത ശേഷമാണ് ജോസഫിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടത്.
ലിസി ആശുപത്രിയിൽ നടത്തിയ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും വിവാദങ്ങൾക്ക് വഴിവച്ചു. സഭാ സ്ഥാപനത്തിൽ വച്ച് നടത്തിയ പ്രഖ്യാപനത്തിനെതിരെ സഭയ്ക്കുള്ളില്‍നിന്നു തന്നെ വിമര്‍ശനമുയര്‍ന്നു. ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കമെന്ന വിലയിരുത്തലുണ്ടായി.
കൈ വിട്ട് സഭ
ക്രിസ്ത്യൻ ന്യൂനപക്ഷത്തിന് സ്വാധീനമുള്ള മേഖലയിൽ കോൺഗ്രസ് ഇപ്പോഴും ശക്തമാണ് എന്ന് തെരഞ്ഞെടുപ്പ് ഫലം പറയുന്നു. ജോ ജോസഫിനെ സ്ഥാനാർത്ഥിയാക്കിയതു തന്നെ ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യമിട്ടായിരുന്നു. സഭാ സ്ഥാനാർത്ഥിയാണ് ജോസഫ് എന്ന ആരോപണങ്ങൾ ഗുണകരമാകും എന്നാണ് എൽഡിഎഫ് കരുതിയിരുന്നത്. കോൺഗ്രസിൽനിന്ന് രാജി വച്ച കെവി തോമസ് ലത്തീൻ കത്തോലിക്കക്കാർക്കിടയിൽ സ്വാധീനമുണ്ടാക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.
മരിച്ചിട്ടും കരുത്തനായ പി.ടി
മഹാരാജാസിലെ പഴയ കെ.എസ്.യുക്കാരി എന്ന വിശേഷണമൊക്കെയുണ്ടെങ്കിലും പി.ടി തോമസിന്റെ ഭാര്യ എന്നതാണ് ഉമാ തോമസിന്റെ യഥാർത്ഥ മേൽവിലാസം. രണ്ടൂഴങ്ങളിലായി തോമസ് തൃക്കാക്കരയിലെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ ഹൃദയബന്ധം ഉമയുടെ വിജയത്തിൽ നിർണായകമായി.
തൃക്കാക്കരക്കാർക്ക് മുൻ തെരഞ്ഞടുപ്പിൽ പറ്റിയ തെറ്റു തിരുത്താനുള്ള അവസരമാണ് ഇത്തവണ കൈ വന്നിരിക്കുന്നത് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന എൽഡിഎഫിനെ തിരിച്ചടിച്ചു എന്നും കരുതണം.
തിരിച്ചടിച്ച വികസന വാദം
വികസനത്തിന്റെ അവകാശികൾ തങ്ങളാണ് എന്ന സിപിഎമ്മിന്റെ വാദവും ചോദ്യം ചെയ്യപ്പെട്ടു. കെ റെയിൽ പദ്ധതി ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് ഇത്തരമൊരു അവകാശവാദം ഉന്നയിച്ചത്. എന്നാൽ കൊച്ചി മെട്രോ, നെടുമ്പാശ്ശേരി വിമാനത്താവളം, ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ഇൻഫോ പാർക്ക്, ഗോ ശ്രീ പാലം തുടങ്ങിയ വമ്പൻ പ്രോജക്ടുകൾ മുമ്പിൽ വച്ച് യുഡിഎഫ് അതിനു ചെക്ക് വച്ചു. കെ റെയിലിൽ എൽഡിഎഫിനകത്തുള്ള ആത്മവിശ്വാസക്കുറവ് യുഡിഎഫ് മുതലെടുത്തു.
വി.ഡി സതീശന്റെ നേതൃത്വം
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഷാർപ്പായ പ്രതികരണങ്ങൾ എൽഡിഎഫ് ക്യാമ്പിൽ അസ്വസ്ഥതകൾ ഉണ്ടാക്കി. സിപിഎമ്മിന്റെ വിഖ്യാതമായ ഇലക്ഷൻ എഞ്ചിനീയറിങ്ങിനെ, അതിനേക്കാൾ കണിശതയോടെ നേരിടാൻ സതീശനായി. ഫ്ളാറ്റുകളും വീടുകളും കയറിയിറങ്ങി വോട്ടു തേടിയതിനൊപ്പം കള്ളവോട്ടു ചെയ്യാനുള്ള എല്ലാ സാധ്യതകളും യുഡിഎഫ് അടച്ചു കളഞ്ഞത് സതീശന്റെ നേതൃഗുണമായി.
ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾ പാർട്ടിക്കുള്ളിലെ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് പ്രചാരണത്തിൽ സജീവമായതും നിര്‍ണായകമായി. ഷാഫി പറമ്പിൽ, കെഎസ് ശബരീനാഥ് തുടങ്ങിയവരുടെ ചുറുചുറുക്കും മണ്ഡലത്തിലുടനീളം ദൃശ്യമായി.