തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം:ആറിടത്ത് അട്ടിമറി വിജയം
|യുഡിഎഫിന്റെ മൂന്നും ബിജെപിയുടെ മൂന്നും സിറ്റിങ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തു
തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം. മുന്നണി ആറിടത്ത് അട്ടിമറി വിജയം നേടി. യുഡിഎഫിന്റെ മൂന്നും ബിജെപിയുടെ മൂന്നും സിറ്റിങ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തു. ബിജെപിയ്ക്ക് മൂന്ന് സിറ്റിങ് സീറ്റുകൾ നഷ്ടമായി. അതേസമയം, യുഡിഎഫ് പത്തിടത്ത് വിജയിച്ചു.
10 ജില്ലകളിലായി 23 തദ്ദേശവാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രാവിലെ വോട്ടെണ്ണൽ കഴിയുമ്പോൾ ഇടത് മുന്നണിക്ക് വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ വെള്ളാർ വാർഡ്, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട് വാർഡ്, ചടയമംഗലം കൂരിയോട് വാർഡ് എന്നിവയാണ് ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തത്. കണ്ണൂർ മുഴപ്പിലങ്ങാട്, തൃശൂർ മുല്ലശേരി ഏഴാം വാർഡ്, പാലക്കാട് എരുത്തേമ്പതി 14ാം വാർഡ് എന്നിവ യുഡിഎഫിൽ നിന്നും പിടിച്ചെടുത്തു.
തിരുവനന്തപുരത്ത് വലിയ തിരിച്ചടി നേരിട്ടെങ്കിലും ആലപ്പുഴയിലെയും മട്ടന്നൂരിലേയും വിജയം ബിജെപിക്ക് ആശ്വാസം നൽകുന്നതാണ്. ആലപ്പുഴ വെളിയനാട് കിടങ്ങറ സീറ്റ് സിപിഎമ്മിൽ നിന്നും മട്ടന്നൂർ നഗരസഭ ടൗൺ വാർഡ് യുഡിഎഫിൽ നിന്നും ബിജെപി പിടിച്ചെടുത്തു. നെടുമ്പാശ്ശേരി പഞ്ചായത്ത് ഭരണം യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. സർക്കാർ വിരുദ്ധ വികാരമില്ലെന്നതിന് തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ അവകാശപ്പെട്ടു. ഉപതെരഞ്ഞെടുപ്പ് മുൻപ് നാല് സീറ്റ് ഉണ്ടായിരുന്നതാണ് എൽഡിഎഫ് പത്താക്കി ഉയർത്തിയത്. 13 സീറ്റ് ഉണ്ടായിരുന്ന യുഡിഎഫിന് 10 ആയി കുറഞ്ഞു.