കോൺഗ്രസ് സ്ത്രീകളെ അവഗണിച്ചു; ഷമ മുഹമ്മദിന്റെ വിമർശനം പ്രചരണായുധമാക്കി എൽഡിഎഫ്
|കൊച്ചി:കോൺഗ്രസിന്റെ ലോക്സഭാ സ്ഥാനാർഥി പട്ടികയിൽ സ്ത്രീകളെ അവഗണിച്ചെന്ന എഐസിസി വക്താവ് ഷമ മുഹമ്മദിന്റെ വിമർശനം പ്രചരണായുധമാക്കി എൽഡിഎഫ്. എൽഡിഎഫിന്റെ കുടുംബയോഗങ്ങളിലാണ് ഇത് കാര്യമായി ഉന്നയിക്കുന്നത്.
കണ്ണൂരിലോ വടകരയിലോ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെയാണ് ഷമ പ്രതികരിച്ചത്. ആലത്തൂരിൽ മത്സരിക്കുന്ന രമ്യ ഹരിദാസാണ് യുഡിഎഫ് പട്ടികയിലെ ഏക സ്ത്രീ. മൂന്ന് സ്ത്രീകളെ മത്സരിപ്പിക്കുന്ന എൽഡിഎഫ് ഇത് പ്രചരണായുധമാക്കിയിരിക്കുകയാണ്. സ്ത്രീകളും വിദ്യാർഥികളും കൂടുതലായി എത്തുന്ന കുടുംബയോഗങ്ങളിൽ ഈ പ്രചാരണം ഏശുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.
അതിനിടെ, ഷമയുടെ വിമർശനം കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ തള്ളിക്കളഞ്ഞപ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശനം അംഗീകരിച്ചു. സ്ത്രീ പങ്കാളിത്തം കുറഞ്ഞു പോയതിൽ കുറ്റബോധമുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. പ്രതികരിച്ചു.
സ്ത്രീ അവകാശങ്ങളും സ്ത്രീ പങ്കാളിത്തവും ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടുന്ന കാലത്ത് എൽഡിഎഫ് പ്രചാരണത്തെ നിസാരമായി തള്ളിക്കളയാൻ യുഡിഎഫിന് കഴിയില്ല. സ്ഥാനാർഥി നിർണയത്തിൽ വനിതകൾക്കും ന്യൂനപക്ഷങ്ങൾക്കും മതിയായ പരിഗണന ലഭിച്ചില്ലെന്നാണ് ഷമാ മുഹമ്മദ് കുറ്റപ്പെടുത്തിയത്. 50 ശതമാനം സ്ത്രീ പ്രാതിനിധ്യം എന്നായിരുന്നു രാഹുൽഗാന്ധിയുടെ പ്രസ്താവനയെന്നും കഴിഞ്ഞതവണ രണ്ടു വനിതകൾ മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിൽ ഇത്തവണ ഒന്നായി കുറഞ്ഞുവെന്നും അവർ ചൂണ്ടിക്കാട്ടി. പാലക്കാട് നിന്നുള്ള എംഎൽഎയെയാണ് വടകരയിൽ സ്ഥാനാർഥിയാക്കിയതെന്നും തൊട്ടടുത്തുള്ള ന്യൂനപക്ഷക്കാരെ പരിഗണിക്കാമായിരുന്നുവെന്നും ഷമ പറഞ്ഞു. മാഹിയിലും തലശ്ശേരിയിലും തനിക്ക് ഏറെ കുടുംബ ബന്ധങ്ങളുണ്ടെന്നും അവർ ഓർമിപ്പിച്ചു.