Kerala
Riyas Moulavi case,muslim league,KT Jaleel,Riyas Moulavi,കെ.ടി ജലീല്‍,റിയാസ് മൗലവി വധക്കേസ്,റിയാസ് മൗലവി വിധി,ലീഗിനെതിരെ ജലീല്‍
Kerala

സംഘപരിവാർ വാദമുയർത്തി ​കെ.ടി ജലീൽ; കരിപ്പൂരിൽ സ്വർണ്ണക്കടത്തിൽ പിടിക്കപ്പെടുന്നവരിൽ 99%വും മുസ്‍ലിം പേരുള്ളവരെന്ന് ഫേസ്ബുക്ക് കുറിപ്പ്

Web Desk
|
5 Oct 2024 11:40 AM GMT

പിണറായി വിജയനെ പ്രീണിപ്പിക്കാനുള്ള വ്യഗ്രതയിൽ സംഘ പരിവാർ വാദങ്ങളുമായി ജലീലും ഇറങ്ങിയിരിക്കുകയാണോ എന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം ചോദിച്ചു

കോഴിക്കോട്: സംഘപരിവാർ വാദമുയർത്തി ​എൽഡിഎഫ് എംഎൽഎയായ കെ.ടി ജലീൽ. കരിപ്പൂരിൽ സ്വർണ്ണക്കടത്തിൽ പിടിക്കപ്പെടുന്നവരിൽ 99% വും മുസ്‍ലിം പേരുള്ളവരാണെന്നായിരുന്നു കെ.ടി ജലീലിന്റെ പരാമർശം. ഫേസ്ബുക്കിലാണ് ജലീൽ ആർഎസ്എസ് വാദം ഉയർത്തിയത്. സ്വർണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മതവിധി പുറപ്പെടുവിക്കണമെന്നും ജലീൽ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

‘‘കരിപ്പൂരിൽ നിന്ന് സ്വർണ്ണം കടത്തിൽ പിടിക്കപ്പെടുന്നവരിൽ 99% വും മുസ്‍ലിം പേരുള്ളവരാണ്. അവരൊക്കെ ധരിച്ചു വെച്ചിരിക്കുന്നത് കള്ളക്കടത്ത് മതവിരുദ്ധമല്ല എന്നാണ്.ഹവാല ഇസ്ലാമിക വിരുദ്ധമല്ല എന്നാണ്. അത് തിരുത്തപ്പെടണം. വിശ്വാസികൾക്ക് മതനിയമങ്ങൾ പാലിക്കാനാണ് കൂടുതൽ താൽപര്യം എന്നാണല്ലോ വെപ്പ്. എന്താ അതിനിത്ര മടി?’’ എന്നായിരുന്നു ജലീൽ ഫേസ്ബുക്കിലെഴുതിയത്.

സംഘപരിവാർ വാദമുയർത്തിയ ​ജലീലിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അടക്കമുള്ള സംഘടനകൾ രംഗത്തെത്തി. പിണറായി വിജയനെ പ്രീണിപ്പിക്കാനുള്ള വ്യഗ്രതയിൽ സംഘ പരിവാർ വാദങ്ങളുമായി ജലീലും ഇറങ്ങിയിരിക്കുകയാണോ എന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം ചോദിച്ചു. എൽഡിഎഫ് എംഎൽഎയായ കെ.ടി.ജലീൽ പറയുന്നത് അസംബന്ധമാണെന്നും ബൽറാം പറഞ്ഞു. സ്വർണ്ണക്കടത്ത് എന്ന ക്രിമിനൽ പ്രവൃത്തിയെ മുസ്‍ലിംകളുമായി മാത്രം ചേർത്തുവെക്കുന്ന ജലീലിന്റെ വാദം ആരെ സഹായിക്കാനാണ്. സ്വർണ്ണക്കടത്തുമായി പിടിയിലാവുന്ന പ്രതികളിൽ ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ, സിപിഎം, കോൺഗ്രസ്, ലീഗ്, ബിജെപി, എസ്ഡിപിഐ, സ്ത്രീ, പുരുഷൻ, വ്യത്യാസമില്ലാതെ പലരുടേയും പേരുകൾ പത്രങ്ങളിൽ നമ്മൾ കാണാറുണ്ട്. ഇത്തരം പ്രതികളുടെ മതമോ സമുദായമോ രാഷ്ട്രീയമോ പ്രദേശമോ തിരിച്ചുള്ള കൃത്യമായ കണക്കൊന്നും പൊലീസോ മറ്റ് അധികാരികളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പിന്നെന്തിനാണ് ഇക്കാര്യത്തിൽ ഒരുകൂട്ടർ മാത്രമായി മതവിധി പ്രഖ്യാപിക്കുന്നതെന്നും ബൽറാം ചോദിച്ചു. സ്വർണ്ണക്കടത്തിന്റെ ഗുണഭോക്താക്കളായി കരുതപ്പെടുന്ന വിവിധ ജ്വല്ലറി ഗ്രൂപ്പുകളുടെ കൂട്ടത്തിലും എല്ലാ മതവിഭാഗക്കാരുമുണ്ട്.




ഭരണഘടനാപരമായ മതേതര ജനാധിപത്യ ഭരണവും അന്വേഷണ ഏജൻസികളും നീതിന്യായക്കോടതികളുമൊക്കെ നിലനിൽക്കുന്ന ഒരു രാജ്യത്ത് ക്രിമിനൽ കുറ്റങ്ങൾക്കെതിരെ ഉയരേണ്ടത് മതവിധികളാണോ എന്നും ബൽറാം ചോദിച്ചു. മുസ്‍ലിംകൾ ജനാധിപത്യ വ്യവസ്ഥിതിയിലെ സംവിധാനങ്ങളേക്കാളും മതവിധികൾക്കാണ് പ്രാധാന്യം നൽകുക എന്ന നറേറ്റീവും ഇങ്ങനെയൊരു സാഹചര്യത്തിൽ സംഘപരിവാർ പ്രൊപ്പഗാണ്ടയുടെ ഭാഗമാണ്. അതിനെയാണ് ജലീലിപ്പോൾ ശക്തിപ്പെടുത്തുന്നത്. സ്വർണ്ണക്കടത്ത് എന്ന നിയമവിരുദ്ധ ഇടപാട് തടയേണ്ടത് ഏതെങ്കിലും മതനേതാവോ രാഷ്ട്രീയ പാർട്ടി നേതാവോ അല്ല, സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങൾ ആണ്. ക്രൈം തടയേണ്ടത് സാരോപദേശം കൊണ്ടല്ല, ശക്തമായ ലോ എൻഫോഴ്സ്മെന്റ്‌ വഴിയാണ്. അതിൽ ദയനീയമായി പരാജയപ്പെടുകയാണ് പിണറായി വിജയന്റെ പൊലീസ്. റോഡിൽ വച്ച് ചില പ്രതികളെ വളഞ്ഞിട്ട് പിടിച്ച് അവരുടെ കയ്യിലെ സ്വർണ്ണം അടിച്ചുമാറ്റുന്നതല്ലാതെ ഈ സ്വർണ്ണം ആരാണ് അയച്ചത്, ആർക്ക് വേണ്ടിയാണ് അയച്ചത് എന്ന് ഒരൊറ്റ കേസിൽ പോലും തെളിയിക്കാൻ കേരള പൊലീസിന് കഴിയാത്തത് കൊണ്ടാണ് ഈ കള്ളക്കടത്ത് ആവർത്തിച്ചു കൊണ്ടിരിക്കുന്നതെന്നും ബൽറാം ഫേസ്ബുക്കിലെഴുതിയ പോസ്റ്റിൽ പറഞ്ഞു.

ആർഎസ്എസുമായി ബാന്ധവത്തിലായിക്കഴിഞ്ഞ പിണറായി വിജയനെ തൃപ്തിപ്പെടുത്താൻ വേണ്ടി ആർഎസ്എസിൻ്റെ വാദങ്ങൾ പ്രചരിപ്പിക്കുകയാണ് കെ ടി ജലീൽ ചെയ്യുന്നതെന്ന് എസ്ഐഒ കേന്ദ്രകൂടിയാലോചന സമിതയംഗം വാഹിദ് ചുള്ളിപ്പാറ പറഞ്ഞു. സ്വർണക്കടത്ത് മുസ്‍ലിംകളുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ് എന്ന് വരുത്തിത്തീർക്കുകയാണ് ജലീൽ ചെയ്യുന്നത്. അങ്ങനെ സ്ഥാപിക്കാൻ കഴിയുന്ന വസ്തുതാപരമായ ഒന്നും ഇല്ലാതിരുന്നിട്ടും സംഘപരിവാർ പറഞ്ഞു പരത്തുന്ന ഒരു വംശീയ നറേറ്റീവിനോട് മുസ്ലിം സമുദായത്തെ ആൻസറബ്ൾ ആക്കുകയാണ് ജലീൽ ചെയ്യുന്നത്. സ്വർണ്ണം കടത്തുന്നത് മുസ്‍ലിംകളുടെ അജണ്ടയാണെന്ന് സംഘപരിവാർ നേതാക്കൾ മുതൽ അവരുടെ ട്രോൾ പേജുകൾ വരെ കാലങ്ങളായി നുണ പറയുകയും അതിനെ സ്ഥാപിക്കുന്ന രീതിയിൽ മുഖ്യമന്ത്രിയുടെ അഭിമുഖം ദ ഹിന്ദുവിൽ വരുകയും ചെയ്തതിനുശേഷമാണ് ജലീൽ അതേ വാദത്തെ സ്ഥാപിക്കുന്ന രീതിയിൽ പ്രസ്താവന നടത്തുന്നത്. മുസ്‍ലിംകൾ ഈ രാജ്യത്തെ നിയമങ്ങൾ അനുസരിക്കുന്നവരല്ല മറിച്ച് മതപരമായ ഫത്വകൾക്ക് മാത്രം വിധേയപ്പെടുന്നവരാണെന്നും അതിനാൽ അവർ പൊട്ടൻഷ്യലി രാജ്യദ്രോഹികൾ ആണെന്നും പറഞ്ഞുകൊണ്ടിരിക്കുന്ന സംഘപരിവാർ വാദത്തെയാണ് ജലീൽ ബോധപൂർവ്വം സഹായിക്കുന്നതന്നെും വാഹിദ് ചുള്ളിപ്പാറ ഫേസ്ബുക്കിലെഴുതി കുറിപ്പിൽ പറഞ്ഞു.

വി.ടി ബൽറാമിന്റെ ഫേസ്​ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എന്തസംബന്ധമാണ് എൽഡിഎഫ് എംഎൽഎയായ കെ.ടി.ജലീൽ ഈ പറയുന്നത്!

സ്വർണ്ണക്കടത്ത് എന്ന ക്രിമിനൽ പ്രവൃത്തിയെ മുസ്ലീങ്ങളുമായി മാത്രം ചേർത്തുവയ്ക്കുന്ന ജലീലിന്റെ ഈ വാദം ആരെ സഹായിക്കാനാണ്? പിണറായിയെ പ്രീണിപ്പിക്കാനുള്ള വ്യഗ്രതയിൽ സംഘ് പരിവാർ വാദങ്ങളുമായി ജലീലും ഇറങ്ങിയിരിക്കുകയാണോ?

സ്വർണ്ണക്കടത്തുമായി പിടിയിലാവുന്ന പ്രതികളിൽ ഹിന്ദു, മുസ്‍ലിം, ക്രിസ്ത്യൻ, സിപിഎം, കോൺഗ്രസ്, ലീഗ്, ബിജെപി, എസ്ഡിപിഐ, സ്ത്രീ, പുരുഷൻ, വ്യത്യാസമില്ലാതെ പലരുടേയും പേരുകൾ പത്രങ്ങളിൽ നമ്മൾ കാണാറുണ്ട്. ഇത്തരം പ്രതികളുടെ മതമോ സമുദായമോ രാഷ്ട്രീയമോ പ്രദേശമോ തിരിച്ചുള്ള കൃത്യമായ കണക്കൊന്നും പോലീസോ മറ്റ് അധികാരികളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പിന്നെന്തിനാണ് ഇക്കാര്യത്തിൽ ഒരുകൂട്ടർ മാത്രമായി മതവിധി പ്രഖ്യാപിക്കുന്നത്? സ്വർണ്ണക്കടത്തിന്റെ ഗുണഭോക്താക്കളായി കരുതപ്പെടുന്ന വിവിധ ജ്വല്ലറി ഗ്രൂപ്പുകളുടെ കൂട്ടത്തിലും എല്ലാ മതവിഭാഗക്കാരുമുണ്ട്.

അല്ലെങ്കിലും ഭരണഘടനാപരമായ മതേതര ജനാധിപത്യ ഭരണവും അന്വേഷണ ഏജൻസികളും നീതിന്യായക്കോടതികളുമൊക്കെ നിലനിൽക്കുന്ന ഒരു രാജ്യത്ത് ക്രിമിനൽ കുറ്റങ്ങൾക്കെതിരെ ഉയരേണ്ടത് മതവിധികളാണോ? മുസ്ലീങ്ങൾ ജനാധിപത്യ വ്യവസ്ഥിതിയിലെ സംവിധാനങ്ങളേക്കാളും മതവിധികൾക്കാണ് പ്രാധാന്യം നൽകുക എന്ന നറേറ്റീവും ഇങ്ങനെയൊരു സാഹചര്യത്തിൽ സംഘ് പരിവാർ പ്രൊപ്പഗാണ്ടയുടെ ഭാഗമാണ്. അതിനെയാണ് ജലീലിപ്പോൾ ശക്തിപ്പെടുത്തുന്നത്.

മിസ്റ്റർ ജലീൽ, സ്വർണ്ണക്കടത്ത് എന്ന നിയമവിരുദ്ധ ഇടപാട് തടയേണ്ടത് ഏതെങ്കിലും മതനേതാവോ രാഷ്ട്രീയ പാർട്ടി നേതാവോ അല്ല, സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങൾ ആണ്. ക്രൈം തടയേണ്ടത് സാരോപദേശം കൊണ്ടല്ല, ശക്തമായ ലോ എൻഫോഴ്സ്മെന്റ്‌ വഴിയാണ്. അതിൽ ദയനീയമായി പരാജയപ്പെടുകയാണ് താങ്കൾ പിതൃതുല്യനായി കാണുന്ന പിണറായി വിജയന്റെ പോലീസ്. റോഡിൽ വച്ച് ചില പ്രതികളെ വളഞ്ഞിട്ട് പിടിച്ച് അവരുടെ കയ്യിലെ സ്വർണ്ണം അടിച്ചുമാറ്റുന്നതല്ലാതെ ഈ സ്വർണ്ണം ആരാണ് അയച്ചത്, ആർക്ക് വേണ്ടിയാണ് അയച്ചത് എന്ന് ഒരൊറ്റ കേസിൽ പോലും തെളിയിക്കാൻ കേരള പോലീസിന് കഴിയാത്തത് കൊണ്ടാണ് ഈ കള്ളക്കടത്ത് ആവർത്തിച്ചു കൊണ്ടിരിക്കുന്നത്.

അതുകൊണ്ട്‌ കള്ളക്കടത്തുകാർക്ക്‌ കീഴടങ്ങാത്ത ഒരു പോലീസ്‌ സംവിധാനമുണ്ടാക്കാൻ വേണ്ടി ഒരു ജനപ്രതിനിധിയെന്ന നിലയിൽ ശബ്ദമുയർത്തൂ. മതവിധിക്ക്‌ വേണ്ടി കാത്തുനിൽക്കാതെ നിങ്ങളെയൊക്കെ നിങ്ങളാക്കിയ ജനവിധിയോട്‌ അൽപ്പമെങ്കിലും ഉത്തരവാദിത്തം കാണിക്കൂ.

വാഹിദ് ചുള്ളിപ്പാറയുടെ പോസ്റ്റിന്റെ പൂർണരൂപം

ജലീൽ ആർക്കു വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്..? ആർ എസ് എസുമായി ബാന്ധവത്തിലായിക്കഴിഞ്ഞ പിണറായി വിജയനെ തൃപ്തിപ്പെടുത്താൻ വേണ്ടി ആർ എസ് എസിൻ്റെ വാദങ്ങൾ പ്രചരിപ്പിക്കുകയാണ് കെ ടി ജലീൽ ചെയ്യുന്നത്..

സ്വർണക്കടത്ത് മുസ്ലിംകളുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ് എന്ന് വരുത്തിത്തീർക്കുകയാണ് ജലീൽ ചെയ്യുന്നത്. അങ്ങനെ സ്ഥാപിക്കാൻ കഴിയുന്ന വസ്തുതാപരമായ ഒന്നും ഇല്ലാതിരുന്നിട്ടും സംഘപരിവാർ പറഞ്ഞു പരത്തുന്ന ഒരു വംശീയ നറേറ്റീവിനോട് മുസ്ലിം സമുദായത്തെ ആൻസറബ്ൾ ആക്കുകയാണ് ജലീൽ ചെയ്യുന്നത്. സ്വർണ്ണം കടത്തുന്നത് മുസ്ലിംകളുടെ അജണ്ടയാണെന്ന് സംഘപരിവാർ നേതാക്കൾ മുതൽ അവരുടെ ട്രോൾ പേജുകൾ വരെ കാലങ്ങളായി നുണ പറയുകയും അതിനെ സ്ഥാപിക്കുന്ന രീതിയിൽ മുഖ്യമന്ത്രിയുടെ അഭിമുഖം ദ ഹിന്ദുവിൽ വരുകയും ചെയ്തതിനുശേഷമാണ് ജലീൽ അതേ വാദത്തെ സ്ഥാപിക്കുന്ന രീതിയിൽ പ്രസ്താവന നടത്തുന്നത്. മുസ്ലിങ്ങൾ ഈ രാജ്യത്തെ നിയമങ്ങൾ അനുസരിക്കുന്നവരല്ല മറിച്ച് മതപരമായ ഫത്വകൾക്ക് മാത്രം വിധേയപ്പെടുന്നവരാണെന്നും അതിനാൽ അവർ പൊട്ടൻഷ്യലി രാജ്യദ്രോഹികൾ ആണെന്നും പറഞ്ഞുകൊണ്ടിരിക്കുന്ന സംഘപരിവാർ വാദത്തെയാണ് ജലീൽ ബോധപൂർവ്വം സഹായിക്കുന്നത്.

ജലീലിന് അയാൾ തന്നെ എപ്പോഴും പറയുന്ന 'മതാന്ധത' സമുദായത്തിൽ കണ്ടെടുക്കണം എന്നിട്ട് അയാൾക്കതിനെതിരെ സംസാരിച്ച് മതേതരൻ ആവണം. തങ്ങൾക്ക് എതിർക്കാൻ വേണ്ടി ഒരു 'ന്യൂനപക്ഷ വർഗീയതയെ' കാഫിർ സ്ക്രീൻ ഷോട്ടിലൂടെ സിപിഎം തന്നെ നിർമ്മിച്ചെടുക്കാൻ നോക്കിയതിന്റെ അതേ ലോജിക്കാണിത്. അഥവാ മുസ്ലിം സമുദായത്തിൽ 'മതാന്ധതയും ജനാധിപത്യവിരുദ്ധതയും' ആരോപിക്കുന്ന അങ്ങേയറ്റം വംശീയമായ നടപടികളിലൂടെയാണ് ജലീൽ സ്വന്തത്തെ മതേതരനായി പ്രകാശിപ്പിക്കുന്നത്. അത്തരം മതേതരത്വത്തെ തന്നെയാണ് സിപിഎമ്മിന് ആവശ്യവും.

'സ്വർഗ്ഗസ്ഥനായ ഗാന്ധി' എന്ന് തൻ്റെ പുസ്തകത്തിന് പേരിടുക വഴി വമ്പൻ വിവാദം വരാൻ പോകുന്നുണ്ട് എന്നൊക്കെയാണ് ജലീൽ മാധ്യമങ്ങളോട് പറഞ്ഞത്. അഥവാ ഗാന്ധിയെ സ്വർഗ്ഗത്തിൽ കയറ്റാത്ത 'മതമൗലികവാദികളോട്' പടവെട്ടി ഗാന്ധിയെ സ്വർഗ്ഗത്തിൽ കയറ്റി തനിക്ക് ' മതേതര പ്രതിബദ്ധത' തെളിയിക്കണം എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. മരിച്ചുപോയ ഗാന്ധിക്ക് ഏതായാലും ആ പുസ്തകം കൊണ്ടോ വിവാദം കൊണ്ടോ ഒരു കാര്യവുമില്ല. പിന്നെ കാര്യമുള്ളത് ആകെ ജലീലിന് മാത്രമാണ്. പക്ഷേ ആ തന്ത്രത്തോട് മുസ്ലിം സമുദായം വളരെ ക്രിയാത്മകമായാണ് നിഷേധ നിലപാടെടുത്തത്. ജമാഅത്തെ ഇസ്ലാമി അമീർ പി മുജീബ് റഹ്മാൻ സാഹിബ് പറഞ്ഞത് നമ്മുടെ സ്വർഗ്ഗം തന്നെ അല്ലാഹു തീരുമാനിക്കുന്നതായിരിക്കെ മറ്റൊരാളുടെ സ്വർഗ്ഗത്തിന്റെ കാര്യത്തിൽ ഞാൻ എങ്ങനെ അഭിപ്രായം പറയാനാണ് എന്നാണ്. സ്വർഗ്ഗവും നരകവും എല്ലാം അല്ലാഹുവിൻറെ തീരുമാനാധികാരത്തിൽ പെട്ടതാണ് അതിൽ നമ്മൾ ഇടപെടേണ്ടതില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഥവാ ഇസ്ലാമിക പാരമ്പര്യവും അതിനോട് പ്രതിബദ്ധതയുള്ളവരും നിലകൊള്ളുന്നത് വിശാലമായ ഒരു വ്യാവഹാരികവും വൈജ്ഞാനികവുമായ മണ്ഡലത്തിനകത്താണ്. അതിന് ദൈവശാസ്ത്രപരവും കർമ്മ ശാസ്ത്ര പരവുമായ വ്യാഖ്യാനത്തിൻ്റെ വിപുലമായ ലോകവും വൈജ്ഞാനിക സമ്പത്തുമുണ്ട്. അതിൻറെ സൗന്ദര്യം പണ്ഡിതന്മാരുടെ മറുപടികളിൽ കാണാനും കഴിയുന്നുണ്ട്. പക്ഷേ ജലീൽ എന്ന സിപിഎം അടിമ ചെയ്യുന്നത് ഈ വിപുലമായ ഇസ്ലാമിക ജ്ഞാന മണ്ഡലത്തെ പൊതുസമൂഹത്തിന്റെ മുമ്പിൽ വംശീയ യുക്തിയിൽ പരിഹസിക്കുകയാണ്. അതിൻറെ കാരണം സിപിഎമ്മിന് അകത്തും കേരളത്തിലെ ലിബറൽ പൊതുമണ്ഡലത്തിനകത്തും അതിന് കൈയ്യടിക്കാൻ ധാരാളം ആളുകൾ ഉണ്ട് എന്നത് മാത്രമാണ്.

കെ ടി ജലീൽ എന്ന അല്പനായ രാഷ്ട്രീയക്കാരൻ നമ്മുടെയാരുടെയും ശ്രദ്ധയോ മറുപടികളോ അർഹിക്കുന്നില്ല എന്നത് സത്യമാണ് . പക്ഷേ സ്വന്തം അധികാര താല്പര്യങ്ങൾക്കു വേണ്ടി മർദ്ദിതവും അപരവൽക്കരിക്കപ്പെട്ടതുമായ മുസ്ലിം സമുദായത്തെ പുറകിൽ നിന്ന് ചവിട്ടുന്ന സമീപനങ്ങളെ എങ്ങനെ കണ്ടില്ലെന്ന് നടിക്കാനാവും...

Similar Posts