Kerala
ഗവർണർക്കെതിരെ പ്രതിഷേധ പരമ്പര ആരംഭിച്ച് ഇടതു മുന്നണി
Kerala

ഗവർണർക്കെതിരെ പ്രതിഷേധ പരമ്പര ആരംഭിച്ച് ഇടതു മുന്നണി

Web Desk
|
3 Nov 2022 2:00 AM GMT

നവംബർ 15 വരെ ഇടവേളകളില്ലാത്ത പ്രതിഷേധ പരിപാടികൾ നടത്താനാണ് ഇടതു മുന്നണി തീരുമാനം

ഗവർണർക്കെതിരെ പ്രതിഷേധ പരമ്പര ആരംഭിച്ച് ഇടതു മുന്നണി. നവംബർ 15 വരെ ഇടവേളകളില്ലാതെ നീണ്ടുനില്‍ക്കുന്ന പ്രതിഷേധ പരിപാടികൾ നടത്താനാണ് ഇടതു മുന്നണി തീരുമാനം. ഗവ‍ണറുടെ ഭരണഘടനാ വിരുദ്ധ നീക്കങ്ങളെ തുറന്ന് കാണിക്കാന്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലും ലഘുലേഖ വിതരണം നടത്തും.

നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാതെയും ധനമന്ത്രിക്കുള്ള പ്രീതി പിന്‍വലിച്ചും സ‍ര്‍‍ക്കാരിനെ കുഴപ്പത്തിലാക്കിയ ഗവര്‍ണര്‍ സര്‍വകലാശാല ഭരണത്തില്‍ കൂടി ഇടപെട്ട് പ്രശ്നങ്ങള്‍ സൃഷ്ടിച്ചതോടെയാണ് രണ്ടും കല്‍പ്പിച്ച് സമരത്തിന് ഇറങ്ങാന്‍ ഇടത് മുന്നണി തീരുമാനിച്ചത്. വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ ആരംഭിച്ച പ്രതിഷേധ പരിപാടികള്‍ നവംബര്‍ 15 വരെ ഇടവേളകളില്ലാതെ കൊണ്ടുപോകാനാണ് ഇടത് മുന്നണി തീരുമാനം.

ഈ മാസം 10 വരെ ജില്ലാ തലങ്ങളില്‍ മൂവായിരത്തോളം പേരെ പങ്കെടുപ്പിച്ച് കണ്‍വെന്‍ഷന്‍ നടത്തും. ഇടത് മുന്നണിയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നതെങ്കിലും വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരിലാണ് പരിപാടി.10 മുതല്‍ 14 വരെ ഗവർണറുടെ ഭരണഘടനാവിരുദ്ധ നീക്കങ്ങള്‍ ഉയർത്തിക്കാട്ടി കേരളത്തിലെ മുഴുവന്‍ വീടുകളിലും ലഘുലേഖ വിതരണം നടത്തും. മുന്നണികളിലെ പാർട്ടി പ്രവർത്തകർക്ക് പുറമെ വിദ്യാർഥി യുവജനപ്രസ്ഥാനങ്ങളിലെ അംഗങ്ങളും ഇതിന്‍റ ഭാഗമാകും.

10 മുതല്‍ 12 വരെ കേരളത്തിലെ മുഴുവന്‍ ക്യാമ്പസുകളിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ട് പോകണമെന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം.15ന് ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന രാജ്ഭവന്‍ ഉപരോധം. ഗവർണറുടെ തുടർനീക്കങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ സമരപരിപാടികളെ കുറിച്ച് തീരുമാനിക്കും .ഗവർണർ വഴങ്ങുന്നില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം.

Similar Posts