Kerala
LDF retained Thodupuzha Municipal Administration by Five votes of Muslim League for CPM
Kerala

‌മുസ്‌ലിം ലീ​ഗിന്റെ അഞ്ച് വോട്ട് സി.പി.എമ്മിന്; തൊടുപുഴ ന​ഗരസഭാ ഭരണം നിലനിർത്തി എൽ.ഡി.എഫ്

Web Desk
|
12 Aug 2024 8:33 AM GMT

ആദ്യ ഘട്ടത്തിൽ, കോൺ​ഗ്രസും ലീ​ഗും വെവ്വേറെ സ്ഥാനാർഥികളെ നിർത്തിയിരുന്നു.

ഇടുക്കി: യു.ഡി.എഫിലെ കോൺ‍​ഗ്രസും ലീ​ഗും തമ്മിൽ സമവായത്തിലെത്താതായതോടെ തൊടുപുഴ ന​ഗരസഭാ ഭരണം നിലനിർത്തി എൽ.ഡി.എഫ്. സി.പി.എമ്മിലെ സബീന ബിഞ്ചുവാണ് ചെയർപേഴ്സൺ. അ‍ഞ്ച് ലീ​ഗ് അം​ഗങ്ങളുടെ പിന്തുണയോടെയാണ് എൽ.ഡി.എഫ് ഭരണം നിലനിർത്തിയത്.

ആദ്യ ഘട്ടത്തിൽ, കോൺ​ഗ്രസും ലീ​ഗും വെവ്വേറെ സ്ഥാനാർഥികളെ നിർത്തിയിരുന്നു. പിന്നീട് അവസാന ഘട്ടത്തിൽ അഞ്ച് ലീ​ഗ് അം​ഗങ്ങൾ സി.പി.എം സ്ഥാനാർഥിക്ക് വോട്ട് മാറ്റിക്കുത്തുകയായിരുന്നു. 14 വോട്ടാണ് സബീന ബിഞ്ചുവിന് ലഭിച്ചത്.

കോൺഗ്രസിലെ കെ. ദീപക്കിന് 10 വോട്ടുകളാണ് ലഭിച്ചത്. മൂന്ന് ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ടത്തിൽ ലീ​ഗ് സ്ഥാനാർഥിക്ക് ആറും കോൺ​ഗ്രസിന് ഏഴും ബിജെപിക്ക് എട്ടും സി.പി.എമ്മിന് 10ഉം വോട്ട് കിട്ടി. രണ്ടാം ഘട്ടത്തിൽ കോൺ​ഗ്രസ് ഒമ്പതും ബി.ജെ.പി എട്ടും സി.പി.എം 10ഉം വോട്ടുകൾ നേടിയപ്പോൾ അ‍ഞ്ച് എണ്ണം അസാധുവായി.

എന്നാൽ മൂന്നാം ഘട്ടത്തിൽ കോൺ​ഗ്രസിന് 10ഉം സി.പി.എമ്മിന് 14 വോട്ടും ലഭിക്കുകയായിരുന്നു. സ്ഥാനാർഥിയെ സംബന്ധിച്ച് സമവായത്തിലെത്താൻ യു.ഡി.എഫിന് സാധിക്കാതെവരികയും ലീഗും കോൺഗ്രസും അവകാശവാദമുന്നക്കുകയും ഇരു പാർട്ടികളും വെവ്വേറെ സ്ഥാനാർഥികളെ നിർത്തുകയും ചെയ്തതോടെ ഇത് സംഘർഷത്തിലേക്കും വഴിവച്ചു.

യു.ഡി.എഫിൽനിന്ന് കൂറുമാറി എൽ.ഡി.എഫിനൊപ്പം ചേർന്ന ഒരാളെ കഴിഞ്ഞദിവസം ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു. സ്വതന്ത്രനായ സനീഷ് ജോർജായിരുന്നു നഗരസഭാ അധ്യക്ഷൻ. ഇയാൾ കൈക്കൂലിക്കേസിൽ പ്രതിയായതിനെ തുടർന്ന് രാജിവച്ച ഒഴിവിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്.


Similar Posts