Kerala
യു.ഡി.എഫിന് അനുകൂലമായി നിശബ്ദതരംഗം; എൽ.ഡി.എഫിന് പിഴച്ചതെവിടെ?
Kerala

യു.ഡി.എഫിന് അനുകൂലമായി നിശബ്ദതരംഗം; എൽ.ഡി.എഫിന് പിഴച്ചതെവിടെ?

Web Desk
|
5 Jun 2024 1:44 AM GMT

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമലയും രാഹുല്‍ ഗാന്ധിയുടെ വരവുമാണ് എല്‍.ഡി.എഫിന്‍റെ അടിത്തറ ഇളക്കിയത്. ഇത്തവണ ആ രാഷ്ട്രീയ സാഹചര്യം അപ്പാടെ മാറിയിരുന്നു

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് തിരിച്ചടിയായത് കടുത്ത ഭരണവിരുദ്ധ വികാരം. യു.ഡി.എഫിന് അനുകൂലമായ തരംഗം പ്രചാരണവേളയില്‍ പ്രത്യക്ഷമായിരുന്നില്ലെങ്കിലും നിശബ്ദതരംഗം ആഞ്ഞടിച്ചു. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളും ക്ഷേമ പെന്‍ഷന്‍ അടക്കമുള്ള ജനകീയ പദ്ധതികള്‍ മുടങ്ങിയതും തിരിച്ചടിക്ക് ആക്കംകൂട്ടി.

യു.ഡി.എഫിന്‍റെ സിറ്റിങ് എം.പിമാർക്കെതിരായ വികാരത്തിനപ്പുറമായിരിന്നു പിണറായി സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമലയും രാഹുല്‍ ഗാന്ധിയുടെ വരവുമാണ് എല്‍.ഡി.എഫിന്‍റെ അടിത്തറ ഇളക്കിയത്. ആ രാഷ്ട്രീയ സാഹചര്യം അപ്പാടെ മാറി. രാഹുല്‍ സിറ്റിങ് എം.പി മാത്രമായിരുന്നു ഇത്തവണ. ശബരിമലയെയും മറികടന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയതുമാണ് എല്‍.ഡി.എഫ്.

യു.ഡി.എഫിന് അനുകൂല തരംഗം ഉണ്ടാക്കുന്ന ഒന്നും പ്രത്യക്ഷത്തില്‍ കാണാന്‍ കഴിഞ്ഞില്ല. പല യു.ഡി.എഫ് എം.പിമാരും മണ്ഡലത്തിന് വേണ്ടി പ്രവർത്തിച്ചില്ലെന്ന വിമർശനവും ശക്തമായിരിന്നു. എന്നിട്ടും ഇത്തവണ പച്ചതൊടാനായില്ല. എല്ലാത്തിനും മേലെ ആയിരുന്നു പിണറായി വിരുദ്ധ-ഭരണവിരുദ്ധ വികാരം. എക്സാലോജിക്കും തുടർച്ചയായ ആരോപണങ്ങളും വോട്ടർമാർക്കിടയില്‍ മടുപ്പ് ഉളവാക്കി.

ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാത്ത മുഖ്യമന്ത്രിയുടെ സമീപനവും വോട്ടർമാരെ ഒരിക്കല്‍ കൂടി യു.ഡി.എഫിലേക്ക് എത്തിച്ചു. രണ്ടാം പിണറായി സർക്കാരിന് ഒന്നാം പിണറായി സർക്കാരിനെ പോലെ പ്രതിഛായ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതും വോട്ടിങ്ങില്‍ പ്രതിഫലിച്ചു. ഇനി വരാനുള്ളത് ചേലക്കരയിലെയും പാലക്കാട്ടെയും ഉപതെരഞ്ഞെടുപ്പാണ്. പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പും. ഇതിനെല്ലാം മുന്നോടിയായി ഇടതു മുന്നണിക്ക് തിരുത്താന്‍ ഒരുപാടുണ്ട്. ഇതിന് കഴിഞ്ഞില്ലെങ്കില്‍ ആഘാതം ചില്ലറയായിരിക്കില്ല.

Summary: The Left Front suffered a setback in the Lok Sabha elections due to strong anti-government sentiment in Kerala. The wave in favor of the UDF was not visible during the campaign, but a silent wave swept through

Similar Posts