Kerala
മുണ്ടക്കൈ ദുരന്തം: ഡിസംബർ അഞ്ചിന് എൽഡിഎഫ് സംസ്ഥാനവ്യാപക പ്രതിഷേധം; രാജ്ഭവന്‍ മാർച്ചിൽ 25,000 പേർ പങ്കെടുക്കും
Kerala

മുണ്ടക്കൈ ദുരന്തം: ഡിസംബർ അഞ്ചിന് എൽഡിഎഫ് സംസ്ഥാനവ്യാപക പ്രതിഷേധം; രാജ്ഭവന്‍ മാർച്ചിൽ 25,000 പേർ പങ്കെടുക്കും

Web Desk
|
22 Nov 2024 10:18 AM GMT

വയനാട്ടിൽ എൽഡിഎഫും യുഡിഎഫും നടത്തിയ ഹർത്താല്‍ നിരുത്തരവാദപരമായ സമീപനമാണെന്നും പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാകില്ലെന്നും ഇന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു

തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്ര അവഗണനയ്‌ക്കെതിരെ സമരം പ്രഖ്യാപിച്ച് എൽഡിഎഫ്. ഡിസംബർ അഞ്ചിനു സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് രാജ്ഭവനിലേക്കു നടക്കുന്ന പ്രതിഷേധ മാർച്ചിൽ 25,000 പേർ പങ്കെടുക്കും. മറ്റു ജില്ലകളിൽ ജില്ലാ കേന്ദ്രങ്ങൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ അറിയിച്ചു.

വയനാട് വിഷയത്തിൽ യുഡിഎഫ്-എൽഡിഎഫ് വ്യത്യാസമില്ലെന്നും കേരളത്തിന്റെ പൊതുപ്രശ്നമാണെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു സഹകരിക്കാൻ തയാറാകുന്നവരെയെല്ലാം ഉൾപ്പെടുത്തിയാകും സമരം നടത്തുകയെന്നും അദ്ദേഹം അറിയിച്ചു.

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ സംസ്ഥാന സർക്കാർ ടൗൺഷിപ്പ് മാതൃകയിൽ പുനരധിവാസ പദ്ധതി മുന്നോട്ടുവച്ചിരുന്നു. പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസർക്കാർ സഹായിക്കുമെന്ന് പ്രതീക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വയനാട്ടിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. പ്രധാനമന്ത്രിയുടെ സന്ദർശനം പിആർ ഇവന്റ് ആക്കിമാറ്റുകയാണുണ്ടായതെന്ന് ടി.പി രാമകൃഷ്ണൻ വിമർശിച്ചു.

കേരളം ഇപ്പോഴും സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. കേന്ദ്രത്തിന്റെ സമീപനം ജനങ്ങൾക്ക് സഹിക്കാൻ കഴിയാത്തതാണ്. കേന്ദ്രസർക്കാർ സഹായിച്ചില്ലെങ്കിലും പുനരധിവാസം ഉറപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കിഫ്ബി പ്രവർത്തനം ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു. കേന്ദ്രം സംസ്ഥാനത്തിനെതിരെ നടത്തുന്നത് മനുഷ്യത്വരഹിതമായ ഉപരോധമാണെന്നും ടി.പി രാമകൃഷ്ണൻ ആരോപിച്ചു.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നവംബർ 19ന് വയനാട്ടിൽ എൽഡിഎഫും യുഡിഎഫും ഹർത്താൽ ആചരിച്ചിരുന്നു. ഹർത്താലിനെതിരെ കടുത്ത വിമർശനമാണ് ഹൈക്കോടതി ഇന്നു നടത്തിയത്. നിരുത്തരവാദപരമായ സമീപനമാണെന്നും പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അധികാരത്തിലിരിക്കുന്ന എൽഡിഎഫും ഹർത്താൽ നടത്തിയതെന്തിനാണെന്ന് കോടതി ചോദിച്ചു. വലിയ ദുരന്തം സംഭവിച്ച മേഖലയിലാണ് ഹർത്താൽ നടത്തിയത്. ഇത് നിരാശപ്പെടുത്തുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അതിനിടെ, മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്രം ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. 153.467 കോടി രൂപ അനുവദിക്കാൻ ഹൈ ലെവൽ കമ്മിറ്റി തീരുമാനിച്ചതായാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. എന്നാൽ, ഇതിന്റെ 50% തുക എസ്ഡിആർഎഫ് ബാക്കിയിരിപ്പിൽനിന്ന് വഹിക്കണമെന്നും, വ്യോമ രക്ഷാപ്രവർത്തനത്തിനും മൃതദേഹം മാറ്റുന്നതിനുമുള്ള തുക അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

Summary: LDF announces statewide protest on December 5 against central negligence in Mundakkai landslide disaster

Similar Posts