'പിന്നാക്ക വോട്ട് ലഭിക്കാത്തതിന്റെ തിരിച്ചടി ആണ് ഇത്തവണ എൽ.ഡി.എഫിനുണ്ടായത്'; വെള്ളാപ്പള്ളി നടേശൻ
|കിറ്റും പെൻഷനും മാത്രം പോരാ, അധികാര പങ്കാളിത്തം വേണമെന്നും വെളളാപ്പളളി നടേശൻ.
കൊച്ചി: ലോക്സഭാ തെരെഞ്ഞെടുപ്പിലേറ്റ പരാജയത്തിൽ എൽ.ഡി.എഫിനെ രൂക്ഷമായി വിമർശിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ. പട്ടികജാതിക്കാരന്റെ വോട്ട് ലഭിക്കാൻ കിറ്റും പെൻഷനും മാത്രം നൽകിയാൽ പോര. അധികാര പങ്കാളിത്തം വേണം. ഇടതുപക്ഷം മുസ്‍ലീകളെ മാത്രം പ്രീണിപ്പിക്കാൻ ശ്രമിച്ചെന്നും വെള്ളാപ്പള്ളി ആരോപിച്ചു. എറണാകുളം കുന്നത്തുനാട് എസ്.എൻ.ഡി.പി ശാഖാ ഭാരവാഹികളുടെ നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈഴവ വോട്ടുളള കോട്ടയം, കൊല്ലം, ആറ്റിങ്ങല്‍, തൃശൂര്‍ എന്നിവിടങ്ങളിലെ വോട്ടിങ് പാറ്റേണ്‍ മാറി. ഇത് ആരുടെ വോട്ട് എന്ന് പരിശോധിച്ചാലറിയാം. നേരത്തേ പിന്നാക്ക വിഭാഗത്തിന്റെ വോട്ട് ഇടതുപക്ഷത്തിന് കിട്ടിയിരുന്നെങ്കില്‍ ഇന്ന് അതില്ല. ഈഴവർ ഇപ്പോൾ മാറി ചിന്തിച്ചു. കിറ്റും പെന്‍ഷനും മാത്രം പോര, അധികാര പങ്കാളിത്തവും വേണം. അധികാര പങ്കാളിത്തം നല്‍കാതെ ഇനി പിന്തുണക്കാനാകില്ല എന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും വെളളാപ്പളളി പറഞ്ഞു.
ഈഴവർക്ക് ചോദിക്കുന്നത് ഒന്നും തരുന്നില്ല. കോഴിക്കോടു നിന്നും മലപ്പുറത്തു നിന്നും തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നവർ വൈകുന്നേരം ആവുമ്പോഴേക്കും കാര്യം സാധിച്ച് മടങ്ങുന്നു. ഈഴവർക്ക് നീതി കിട്ടുന്നില്ല. അതിന്‍റെ തിരിച്ചടിയാണ് തെരെഞ്ഞെടുപ്പിൽ കിട്ടിയത്. ഈഴവർക്ക് അധികാരത്തിലും പാർട്ടിയിലും പരിഗണനയില്ല. ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർ വന്നാൽ അവർക്ക് സർക്കാരിലും പാർട്ടിയിലും ഡബിൾ പ്രമോഷനാണ്. പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാരിൽ നിന്നും ഇടതുപക്ഷത്തുനിന്നും നീതി കിട്ടുന്നില്ല. ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്‍ലീങ്ങളെ എങ്ങനെയൊക്കെ പ്രീണിപ്പിക്കാമെന്നാണ് ഇടതുപക്ഷ ചിന്തയെന്നും അദ്ദേഹം പറഞ്ഞു.