വിഴിഞ്ഞത്ത് കപ്പലെത്തുന്നത് ആഘോഷമാക്കാന്‍ എല്‍.ഡി.എഫ്; ബൂത്ത് തലത്തില്‍ പരിപാടികൾ
|പദ്ധതിയുടെ ക്രെഡിറ്റെടുക്കാൻ വരുന്നവർ പദ്ധതി നിർത്തിവെക്കാൻ വേണ്ടി പലതവണ ശ്രമിച്ചിട്ടുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ആരോപിച്ചു.
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പല്‍ എത്തുന്നത് ആഘോഷമാക്കാന്‍ എല്‍.ഡി.എഫ് തീരുമാനം. ഞായാറാഴ്ച ബൂത്ത് തലത്തില്‍ ആഹ്ളാദ പ്രകടനം നടത്താനാണ് തീരുമാനം. പദ്ധതിയുടെ ക്രെഡിറ്റെടുക്കാൻ വരുന്നവർ പദ്ധതി നിർത്തിവെക്കാൻ വേണ്ടി പലതവണയും ശ്രമിച്ചിട്ടുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ആരോപിച്ചു. വിഴിഞ്ഞത്തുള്ള പ്രശ്നങ്ങള്‍ കമ്മീഷനിങ് നടക്കുന്നതിനു മുൻപ് തന്നെ പരിഹരിക്കുമെന്നും എം.വി ഗോവിന്ദന് പറഞ്ഞു.
വിഴിഞ്ഞത്ത് കപ്പലടുപ്പിക്കാനുള്ള അർഹത മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേരിടണമെന്നും ആവശ്യം ഉന്നയിച്ചു. വിഴിഞ്ഞം തുറമുഖത്തിന് തുരങ്കം വെച്ചവരാണ് പിണറായിയും കൂട്ടരും. അന്നത്തെ ഉദ്ഘാടനം ബഹിഷ്കരിച്ചവരാണ് സിപിഎമ്മെന്നും ചെന്നിത്തല പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലിനും നങ്കൂരമിടാനാവുന്ന ഇന്ത്യയിലെ ഏക തുറമുഖമായി മാറുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. തുറമുഖത്തിനാവശ്യമായ മൂന്ന് ക്രെയിനുകളുമായിട്ടാണ് കപ്പലെത്തുന്നത്.
230 മീറ്റര്‍ നീളമുള്ള കപ്പലിന് നിലവില്‍ കോണ്‍ക്രീറ്റിട്ട് പൂര്‍ത്തിയായ 275 മീറ്റര്‍ ബര്‍ത്തിലേക്ക് സുഖമായി അടുക്കാം. തുറമുഖത്തിന്റെ ആദ്യഘട്ടം അടുത്ത വര്‍ഷം പൂര്‍ത്തിയാകുമ്പോൾ ബര്‍ത്തിന്റെ നീളം 800 മീറ്ററാകും. ഏത് കൂറ്റന്‍ കപ്പലിനും നങ്കുരമിടാം. മൂന്ന് കിലോമീറ്റര്‍ നീളം വേണ്ട പുലിമുട്ടിന്റെ 2300 മീറ്ററും പൂര്‍ത്തിയായി.
എട്ട് ഷിപ്പ് ടു ഷോര്‍ ക്രെയിനുകളും 24 യാര്‍ഡ് ക്രെയിനുകളുമാണ് തുറമുഖത്തിനു വേണ്ടത്. ഷെന്‍ഷോ 15 കപ്പലെത്തിക്കഴിഞ്ഞാല്‍ വരും മാസങ്ങളിലായി ബാക്കി ക്രെയിനുകളുമായി മറ്റ് കപ്പലുകള്‍ എത്തും. 10 ലക്ഷം കണ്ടെയിനറുകള്‍ കൈകാര്യം ചെയ്യാനാകുന്ന രീതിയിലാണ് തുറമുഖത്തിന്റെ രൂപകല്പന. ഒന്നാം കപ്പലിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍.