വടകരയില്‍ വാക്പോര് തുടരുന്നു; കോണ്‍ഗ്രസിനെതിരെ എളമരം കരീം, എസ്.പി ഓഫിസ് മാര്‍ച്ച് പ്രഖ്യാപിച്ച് യൂത്ത് ലീഗ്
|ലീഗ് നേതൃത്വം മുഴുവന്‍ അറിഞ്ഞാണു വര്‍ഗീയ പ്രചാരണം നടന്നതെന്നു കരുതുന്നില്ലെന്ന് എളമരം കരീം
കോഴിക്കോട്: വടകരയിലെ വര്‍ഗീയ പ്രചാരണ വിഷയത്തിൽ എല്‍.ഡി.എഫ്-യു.ഡി.എഫ് വാദപ്രതിവാദങ്ങൾ തുടരുന്നു. താല്‍ക്കാലിക രാഷ്ട്രീയലാഭത്തിന് വേണ്ടി മനുഷ്യര്‍ തമ്മിലുള്ള ഐക്യം തകര്‍ക്കരുതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും കോഴിക്കോട് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ എളമരം കരീം. രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മാന്യമായി അവതരിപ്പിക്കണമെന്നും അദ്ദേഹം വടകരയില്‍ പറഞ്ഞു. കാഫിർ പ്രയോഗത്തിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് വ്യാഴാഴ്ച എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തും.
വടകര കോട്ടപ്പറമ്പില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു എളമരം കരീം. ചില മുസ്‍ലിം ലീഗ് പ്രവര്‍ത്തകരെ വര്‍ഗീയ കോമരങ്ങളാക്കി കോണ്‍ഗ്രസ് വര്‍ഗീയ പ്രചാരണത്തിന് കളമൊരുക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നാല് വോട്ടിനു വേണ്ടി തരംതാണാല്‍ അതിനു വില കൊടുക്കേണ്ടിവരിക ഈ നാടാണ്. ലീഗ് നേതൃത്വം മുഴുവന്‍ അറിഞ്ഞാണ് ഇത് ചെയ്തതെന്ന് കരുതുന്നില്ലെന്നും എളമരം കരീം വടകരയില്‍ പറഞ്ഞു.
അതിനിടെ, പരിപാടിക്ക് മുന്നോടിയായി നടത്തിയ പ്രകടനത്തെ വിമര്‍ശിച്ച യുവാവിനെ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. പ്രകടനം മാര്‍ഗതടസം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് ഫേസ്ബുക്ക് ലൈവ് ചെയ്യാന്‍ ശ്രമിക്കവെയായിരുന്നു കൈയേറ്റം.
അതേസമയം, കാഫിര്‍ പ്രയോഗമടങ്ങിയ വാട്സ്ആപ്പ് സ്ക്രീന്‍ ഷോട്ടിനു പിന്നിലുള്ളവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് വ്യാഴാഴ്ച എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
Summary: LDF-UDF tug-of-war continue over alleged communal campaign in Vadakara