Kerala
ബ്രൂവറിയും ഡിസ്റ്റിലറിയും സർക്കാർ പുതിയ കുപ്പായമിട്ടിറക്കുന്നു; മദ്യനയത്തിനെതിരെ പ്രതിപക്ഷ നേതാവ്
Kerala

'ബ്രൂവറിയും ഡിസ്റ്റിലറിയും സർക്കാർ പുതിയ കുപ്പായമിട്ടിറക്കുന്നു'; മദ്യനയത്തിനെതിരെ പ്രതിപക്ഷ നേതാവ്

Web Desk
|
31 March 2022 6:19 AM GMT

അഴിമതിക്കായാണ് കൂടുതൽ ബാറുകൾക്ക് സർക്കാർ അനുമതി നൽകുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു

സർക്കാറിന്റെ പുതിയ മദ്യനയത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബ്രൂവറിയും ഡിസ്റ്റിലറികളും സർക്കാർ പുതിയ കുപ്പായമിട്ട് ഇറക്കുകയാണ്. മദ്യവർജനത്തിനാണോ തീരുമാനമെന്ന് സർക്കാർ ജനങ്ങളോട് പറയണം. അഴിമതിക്കായാണ് കൂടുതൽ ബാറുകൾക്ക് സർക്കാർ അനുമതി നൽകുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.

മദ്യനയം പെട്ടെന്ന് പ്രഖ്യാപിച്ചതാണ്. കൂടിയാലോചനകളോ ചര്‍ച്ചകളോ നടന്നിട്ടില്ല. അഴിമതി ആരോപണത്തിന്‍റെ പേരില്‍ തടഞ്ഞുവെക്കപ്പെട്ട ബ്രൂവറിയും ഡിസ്റ്റിലറികളും പുതിയ കുപ്പായമിട്ട് തുടര്‍ ഭരണം കിട്ടിയതിന്‍റെ അഹങ്കാരത്തില്‍ വീണ്ടും തുറക്കാനുള്ള ശ്രമമാണെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ പരാമര്‍ശം.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കൂടുതല്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയ തീരുമാനത്തെ വിമര്‍ശിച്ച് പിണറായി വിജയന്‍ പങ്കുവെച്ച ഫേസുബുക്ക് പോസ്റ്റും വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി. എല്‍.ഡി.എഫ് വന്നപ്പോള്‍ എല്ലാം ശരിയായെന്നും അദ്ദേഹം പരിഹസിച്ചു. ആവശ്യത്തിന് മദ്യശാലകള്‍ കേരളത്തിലുണ്ട്. ബീവറേജസ് കോര്‍പറേഷന്‍റെ റീട്ടെയില്‍ ഒട്ട്ലെറ്റുകളുണ്ട്. ബാറുകളുടെ എണ്ണം കുറവാണെന്ന പരാതി കേരളത്തിലില്ലെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ജനങ്ങളെ പ്രയാസപ്പെടുത്തുന്ന നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ മത്സരിക്കുകയാണ്. ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതില്‍ ഒരുപാട് അപാകതകളുണ്ടെന്നും സര്‍ക്കാര്‍ വിഷയം പഠിക്കാതെയാണ് നടപടിയെടുത്തിരിക്കുന്നത്. ഈ അപാകതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറ‍ഞ്ഞു.

Similar Posts