Kerala
വലിയ നേതാക്കളൊന്നും എനിക്കൊപ്പം കാണില്ല, അവർക്ക് വിവേചനമുണ്ട്: ശശി തരൂർ
Kerala

വലിയ നേതാക്കളൊന്നും എനിക്കൊപ്പം കാണില്ല, അവർക്ക് വിവേചനമുണ്ട്: ശശി തരൂർ

Web Desk
|
4 Oct 2022 1:11 PM GMT

''പാർട്ടി പ്രവർത്തകരുടെ ആഗ്രഹങ്ങളെ മുന്നോട്ട് കൊണ്ടുപോകാനാണ് ഞാൻ മത്സരിക്കുന്നത്''

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ മുതിർന്ന നേതാക്കൾ തനിക്കൊപ്പമില്ലെന്ന് ശശിതരൂർ. മുതിർന്ന നേതാക്കൾക്ക് വിവേചനമുണ്ട്. നേതാക്കൾ പക്ഷം പിടിക്കരുതെന്ന നിർദേശമുണ്ടെങ്കിലും വലിയ നേതാക്കളൊന്നും എനിക്കൊപ്പം കാണില്ല. നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ വലിയ നേതാക്കളൊന്നും തന്നെ തനിക്കൊപ്പമുണ്ടായിരുന്നില്ലെന്നും തരൂർ പറഞ്ഞു.

പാർട്ടി പ്രവർത്തകരുടെ ആഗ്രഹങ്ങളെ മുന്നോട്ട് കൊണ്ടുപോകാനാണ് അധ്യക്ഷ സ്ഥാനത്ത് വേണ്ടി ഞാൻ മത്സരിക്കുന്നത്. ഭാരതം മുഴുവൻ ഇങ്ങനെയുള്ള ആൾക്കാരാണ് എനിക്ക് പിന്തുണ തരുന്നത്. ഞങ്ങൾക്ക് ഒരു മാറ്റം വേണം. നിങ്ങൾ നിൽക്കണം. ഒരിക്കലും പിൻവലിക്കരുത്. എല്ലാ വിധത്തിലും ഞങ്ങളുടെ പിന്തുണയുണ്ടാകുമെന്നു പറഞ്ഞാണ് ആളുകൾ വിളിക്കുന്നത്. അവരുടെ വിശ്വാസത്തെ ഞാൻ ഒരിക്കലും തകർക്കില്ല - തരൂർ പറഞ്ഞു.

പാർട്ടിയുടെ അകത്ത് ജനാധിപത്യം ഉണ്ടാവണം എന്ന് വിശ്വാസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. രാഹുൽ ഗാന്ധിയും അങ്ങനെതന്നെയാണ് വിശ്വസിക്കുന്നത്. അദ്ദേഹം പത്ത് വർഷം മുമ്പ് തന്നെ പറയാൻ തുടങ്ങിയ ഒരു കാര്യമാണ് പാർട്ടിയിൽ തെരഞ്ഞെടുപ്പ് വേണം എന്നത്. ഈ തീരുമാനം പാർട്ടിക്ക് ഗുണമേ ചെയ്യൂ. കോൺഗ്രസ് പാർട്ടിയുടെ ഒരു ശക്തിയാണ് ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയുടെ അകത്തുള്ള ഐഡിയോളജിയെ കുറിച്ച് ഞങ്ങൾക്ക് അഭിപ്രായ വ്യത്യാസമില്ല. ബിജെപിയുടെ വെല്ലുവിളികളെ നേരിടാനാണ് ഞങ്ങൾ ഇറങ്ങിത്തിരിച്ചത്. എന്നാൽ അത് എങ്ങനെ ചെയ്യണം, എങ്ങനെ ശക്തമാക്കണം എന്ന കാര്യത്തിൽ ചില വ്യത്യാസങ്ങൾ ഉണ്ട്. ആര് ജയിച്ചാലും ശരിക്കുള്ള വിജയം പാർട്ടിയുടെ വിജയമായിരിക്കുമെന്നാണ് എൻറെ വിശ്വാസം. അവരവരുടെ മനസ്സാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യട്ടെ എന്നും തരൂർ കൂട്ടിച്ചേർത്തു.

അതേസമയം കെപിസിസി ആസ്ഥാനമായ ഇന്ദിരഭവനിൽ തരൂർ എത്തിയപ്പോൾ സ്വീകരിക്കാനെത്തിയത് പ്രാദേശിക നേതാക്കൾ മാത്രമായിരുന്നു. കെപിസിസി അധ്യക്ഷനടക്കമുള്ള പ്രമുഖ ഭാരവാഹികളാരും ഇന്ദിരഭവനിലേക്ക് എത്തിയില്ല. പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങിയ തരൂർ കെപിസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയിൽ നിന്ന് തെരഞ്ഞെടുപ്പ് തിരിച്ചറിയിൽ കാർഡ് വാങ്ങി മടങ്ങി. മുതിർന്ന നേതാക്കളുടെ നിലപാടിനോടുള്ള അതൃപ്തിയും തരൂർ തുറന്ന് പറഞ്ഞു.

എന്നാല്‍ ഔദ്യോഗിക ഭാരവാഹികൾ പ്രചാരണത്തിന് ഇറങ്ങരുതെന്ന മാനദണ്ഡം കെ സുധാകരൻ ലംഘിച്ചുവെന്ന ആരോപണം കെപിസിസി നേതൃത്വം തള്ളി. സുധാകരൻ പിന്തുണ പ്രഖ്യാപിക്കുന്ന സമയത്ത് ഔദ്യോഗികമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ മാർഗ നിർദേശം ലഭിച്ചിരുന്നില്ലെന്നാണ് കെപിസിസി നിലപാട്. ഉമ്മൻചാണ്ടി,രമേശ് ചെന്നിത്തല, വിഡി സതീശൻ എന്നിവർ ആദ്യമേ പ്രഖ്യാപിച്ചതിനാൽ തരൂരും ഇവരുടെ സഹായം പ്രതീക്ഷിക്കുന്നില്ല. തുടക്കത്തിൽ യുവനേതാക്കളടക്കമുള്ളവരുടെ പിന്തുണ നേടിയെടുത്ത തരൂരിന് സംസ്ഥാനത്ത് അതിൽ കൂടുതൽ പിന്തുണ ആർജ്ജിക്കാനും കഴിഞ്ഞില്ല.

Similar Posts