ആർ.എസ്.എസുമായി ചർച്ച നടത്തിയത് മുസ്‌ലിം സംഘടനാ നേതൃസംഘം: ജമാഅത്തെ ഇസ്‌ലാമി
|ആർ.എസ്.എസുമായുള്ള ചർച്ചയുടെ വിശദാംശങ്ങൾ സി.പി.എം വ്യക്തമാക്കണം. പുള്ളിപ്പുലിയുടെ പുള്ളി മാറ്റാൻ ആ ചർച്ചയിലൂടെ കഴിഞ്ഞോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീർ പി. മുജീബ് റഹ്‌മാൻ ആവശ്യപ്പെട്ടു.
കോഴിക്കോട്: ആർ.എസ്.എസുമായി ചർച്ച നടത്തിയത് മുസ്‌ലിം സംഘടനാ നേതൃസംഘമാണെന്ന് ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീർ പി. മുജീബ് റഹ്‌മാൻ. ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം സംഘടനയായ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്, ബറേൽവി സംഘടനകൾ എന്നിവർക്കൊപ്പമാണ് ജമാഅത്തെ ഇസ്‌ലാമിയും ചർച്ചയിൽ പങ്കെടുത്തത്. മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള ചർച്ചയിൽ പങ്കെടുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ചർച്ചയാകാമെന്നാണ് ജമാഅത്ത് നിലപാട്. അത് സ്വാർഥ താൽപര്യങ്ങൾക്കാവരുത്. മുസ്‌ലിം പ്രശ്‌നങ്ങൾക്ക് വേണ്ടിയാവണം. ഇതിന് പിന്നിൽ കൃത്യമായ തിരക്കഥയുണ്ട്. ചർച്ചക്കെതിരായ പ്രചാരണം ഇസ്‌ലാമോഫോബിയയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീ എമ്മിന്റെ നേതൃത്വത്തിൽ സി.പി.എം ആർ.എസ്.എസുമായി ചർച്ച നടത്തിയിട്ടുണ്ട്. ആ ചർച്ചയുടെ വിവരം പുറത്തുവന്നത് ശ്രീ എംന്റെ ആത്മകഥയിലാണ്. ആർ.എസ്.എസുമായുള്ള ചർച്ചയുടെ വിശദാംശങ്ങൾ സി.പി.എം വ്യക്തമാക്കണം. പുള്ളിപ്പുലിയുടെ പുള്ളി മാറ്റാൻ ആ ചർച്ചയിലൂടെ കഴിഞ്ഞോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.