Kerala
സമസ്തയെ ഹൈജാക്ക് ചെയ്യാൻ ലീഗ് ശ്രമം: മന്ത്രി വി അബ്ദുറഹ്‌മാൻ
Kerala

സമസ്തയെ ഹൈജാക്ക് ചെയ്യാൻ ലീഗ് ശ്രമം: മന്ത്രി വി അബ്ദുറഹ്‌മാൻ

Web Desk
|
3 Jan 2022 4:55 PM GMT

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മലപ്പുറം ജില്ലാ സമ്മേളനത്തിൽ പാസാക്കിയ പ്രമേയത്തിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചിന്തകൾക്കും പ്രസ്ഥാനങ്ങൾക്കും എതിരെ ജാഗ്രത പുലർത്താൻ മുസ്ലിം സമൂഹം തയ്യാറാകണമെന്ന് സമസ്ത ആഹ്വാനം ചെയ്തിരുന്നു

സമസ്തയെ ഹൈജാക്ക് ചെയ്യാൻ ലീഗ് ശ്രമിക്കുന്നുവെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. സമസ്ത വേദികൾ രാഷ്ട്രീയ പ്രചാരണത്തിനായി ലീഗ് ഉപയോഗിക്കുകയാണെന്നും കമ്മ്യൂണിസത്തിനെതിരായ സമസ്ത സമ്മേളനത്തിലെ പ്രമേയം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രമേയത്തെ സമസ്ത അധ്യക്ഷൻ ജിഫ്രി കോയ തങ്ങൾ തള്ളിയിരിക്കുകയാണെന്നും കേരള മുഖ്യമന്ത്രിക്ക് മുസ്ലിം ലീഗിന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്നും മന്ത്രി അബ്ദുറഹിമാൻ വ്യക്തമാക്കി. വഖഫ് സംരക്ഷണ വിഷയത്തിൽ മുസലിം ലീഗ് രണ്ടാംഘട്ട സമരത്തിനൊരുങ്ങിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വഖഫ് സംരക്ഷണ സമരങ്ങളുടെ രണ്ടാംഘട്ടം ഈ മാസം 27 ന് ആരംഭിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം ഇന്ന് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ജില്ലാ അടിസ്ഥാനത്തിൽ കലക്ട്രേറ്റിലേക്ക് മാർച്ച് നടത്താനും ഫെബ്രുവരിയിൽ നിയമസഭ മാർച്ച് സംഘടിപ്പിക്കാനും ധാരണയായിട്ടുണ്ട്. അതേസമയം പഞ്ചായത്ത് തലത്തിൽ രാപ്പകൽ സമരം സംഘടിപ്പിക്കാനുംലീഗ് നേതൃയോഗത്തിൽ തീരുമാനമായി. സമസ്ത സുവർണ ജൂബിലി സമ്മേളന വേദിയിൽ ലീഗിനു ലഭിച്ച പിന്തുണ മുസ്‌ലിം ലീഗിന് ഊർജം നൽകുന്നതാണ്. ലീഗുമായുള്ള ബന്ധത്തെ പരോക്ഷമായി പരാമർശിച്ച സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ ഭരിക്കുന്ന സർക്കാരുമായി സഹകരിച്ചു പോകുന്നത് സമസ്തയുടെ രീതിയാണെന്നും വ്യക്തമാക്കി. എന്നാൽ സർക്കാരിനെ എതിർക്കേണ്ട സാഹചര്യം വന്നാൽ എതിർക്കുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. ലീഗ് സമസ്ത ബന്ധത്തിൽ വ്യക്തത നൽകുന്നതായിരുന്നു സമസ്ത ജോയിൻ സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലിയാരുടെ പ്രസംഗം.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മലപ്പുറം ജില്ലാ സമ്മേളനത്തിൽ പാസാക്കിയ പ്രമേയത്തിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചിന്തകൾക്കും പ്രസ്ഥാനങ്ങൾക്കും എതിരെ ജാഗ്രത പുലർത്താൻ മുസ്ലിം സമൂഹം തയ്യാറാകണമെന്ന് സമസ്ത ആഹ്വാനം ചെയ്തിരുന്നു. ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ നിഷേധിച്ചും നിസ്സാരവൽക്കരിച്ചും താത്വികാദ്ധ്യാപനം നൽകുന്ന കമ്യൂണിസമടക്കമുള്ള മതനിരാസ ചിന്തകളെയും പ്രസ്ഥാനങ്ങളെയും മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്നും സാധാരണക്കാരുടെ ഹൃദയങ്ങളിലേക്ക് മത നിഷേധം കൂടിയേറുന്ന പ്രവണതകളിലെ പങ്കാളിത്തം അപകടകരമാണെന്ന് സമുദായം തിരിച്ചറിയണമെന്നും പ്രമേയത്തിൽ പറയുന്നു. സി.പി.എമ്മുമായി സമസ്ത അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രമേയം പാസാക്കിയതെന്നത് ശ്രദ്ധേയമാണ്.

Similar Posts