സി.പി.എമ്മിന്‍റെ ഫലസ്തീൻ ഐക്യദാർഢ്യസദസിൽ പങ്കെടുക്കുന്നതിൽ ലീഗ് തീരുമാനം ഇന്ന്
|നേതാക്കൾ തമ്മിലെ ആശയ വിനിമയത്തിന് ശേഷമാകും തീരുമാനം
കോഴിക്കോട്: സി.പി.എം സംഘടിപ്പിക്കുന്ന ഫലസ്തിൻ ഐക്യദാർഢ്യ സദസിൽ പങ്കെടുക്കുന്നതിൽ മുസ്‍ലിം ലീഗ് ഇന്ന് തീരുമാനമെടുത്തേക്കും.നേതാക്കൾ തമ്മിലെ ആശയ വിനിമയത്തിന് ശേഷമാകും തീരുമാനം. സി പി എം പരിപാടിയിലേക്ക് ഇന്നലെയാണ് മുസ്‌ലിം ലീഗിനെ ക്ഷണിച്ചത്. ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞതിന്ന് പിന്നാലെമായിരുന്നു സി.പി എം നീക്കം. സി.പി. എം പരിപാടിയിൽ പങ്കെടുക്കുന്നതിലെ എതിർപ്പ് കോൺഗ്രസ് പ്രകടിപ്പിച്ചത് കൂടി പരിഗണിച്ചാകും ലീഗ് തീരുമാനം.
ലീഗ് പങ്കെടുക്കില്ലെന്ന വിശ്വാസത്തില്‍ കോണ്‍ഗ്രസ്
സി.പി.എം സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ ലീഗ് പങ്കെടുക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഇപ്പോഴും കോൺഗ്രസ് നേതൃത്വം . ഇ.ടി മുഹമ്മദ് ബഷീറിന്‍റെ വാക്കുകൾ വ്യക്തിപരമായ നിലപാടായാണ് കോൺഗ്രസ് നേതാക്കൾ കരുതുന്നത്. പാർട്ടി തലത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം ലീഗ് നേതൃത്വം കോൺഗ്രസുമായി നടത്തിയിട്ടുള്ള ആശയ വിനിമയം. ഇതിൽ മാറ്റം വന്നിട്ടില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിശ്വാസം . ഇന്നലെ യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗം ഓൺലൈനിൽ ചേർന്നെങ്കിലും ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല.
പക്ഷേ യോഗത്തിൽ പി.കെ കുഞ്ഞാലിക്കുട്ടി പങ്കെടുത്തത് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിൽ നിന്നാണ്. ഇതിനിടയിൽ ചില അനൗദ്യോഗിക ആശയ വിനിമയം നടക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഗവർണറുടെ കാര്യത്തിൽ ലീഗ് മുമ്പ് സ്വീകരിച്ച നിലപാട് തന്നെയാണ് കെ.പി.എ മജീദ് ആവർത്തിച്ചതെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.