മുസ്‌ലിം ലീഗിന് സമസ്തയുമായി അഭിപ്രായ വ്യത്യാസമില്ല: പി.കെ കുഞ്ഞാലിക്കുട്ടി
|കേരളത്തിലെ യു.ഡി.എഫ് മുന്നണി 20 സീറ്റുകളിലും വിജയിക്കുമെന്ന് ലീഗ് നേതൃയോഗം വിലയിരുത്തി
കോഴിക്കോട്: മുസ്‌ലിം ലീഗിന് സമസ്തയുമായി അഭിപ്രായ വ്യത്യാസമില്ലെന്നും നേതാക്കൾ തമ്മിൽ ഉഷ്മള ബന്ധമാണുള്ളതെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചില വിവാദങ്ങളുണ്ടായി. വിഷയം ലീഗ് ചർച്ച ചെയ്തതെന്നും കാര്യങ്ങളെല്ലാം നേരിട്ട് അവരെ അറിയിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തെരഞ്ഞെടുപ്പുകാലത്ത് സുപ്രഭാതം പത്രവുമായി ചില പ്രശ്‌നങ്ങളുണ്ടായി. ആ വിഷയങ്ങളും കമ്മിറ്റി ചർച്ച ചെയ്തിട്ടുണ്ട്. പൊന്നാനിയിൽ വലിയ ഭൂരിപക്ഷമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ യു.ഡി.എഫ് മുന്നണി 20 സീറ്റുകളിലും വിജയിക്കുമെന്ന് ലീഗ് നേതൃയോഗം വിലയിരുത്തി. മലപ്പുറത്തും പൊന്നാനിയിലും ലീഗ് സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മുസ്‌ലിം ലീഗ് ഈ മാസം 29ന് മലബാറിലെ ജില്ലകളിൽ കളക്ടറേറ്റുകളിലേക്ക് മാർച്ച് നടത്തും. അരലക്ഷത്തോളം വിദ്യാർഥികൾക്ക് മലബാറിൽ സീറ്റ് ഇല്ലാതിരുന്നിട്ടും പുതിയ ബാച്ചനുവദിക്കില്ലെന്ന ശാഠ്യത്തിൽ വിദ്യാഭ്യാസ വകുപ്പ് തുടരുന്ന സാഹചര്യത്തിലാണ് മുസ്‌ലിം ലീഗ് പ്രക്ഷോഭത്തിലേക്ക് ഇറങ്ങുന്നത്.
പ്രശ്‌നപരിഹാരമുണ്ടാകും വരെ സമരം നടത്താൻ കോഴിക്കോട് ചേർന്ന ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. മലബാറിൽ വാഗൺ ട്രാജഡി ക്ലാസ് മുറികളാണെന്ന് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം ആരോപിച്ചു. വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ എം.എസ്.എഫ് നേതാക്കൾ പ്രതിഷേധിച്ചു.