Kerala
നിരോധിച്ചാൽ ഇല്ലാതാകില്ല; പി.എഫ്.ഐ പോലെ ഇരുട്ടത്ത് പ്രവർത്തിക്കുന്ന സംഘടനയല്ല ലീഗ്-എം.കെ മുനീര്‍
Kerala

നിരോധിച്ചാൽ ഇല്ലാതാകില്ല; പി.എഫ്.ഐ പോലെ ഇരുട്ടത്ത് പ്രവർത്തിക്കുന്ന സംഘടനയല്ല ലീഗ്-എം.കെ മുനീര്‍

Web Desk
|
27 Sep 2022 6:02 AM GMT

അബ്ദുറഹ്മാൻ കല്ലായിയുടെ അറസ്റ്റിൽ അന്വേഷണത്തെ ഭയപ്പെടുന്നില്ല. പക്ഷേ, അന്വേഷണത്തിൽ സുതാര്യത ഉറപ്പാക്കണമെന്ന് മുനീർ ആവശ്യപ്പെട്ടു.

മലപ്പുറം: മുസ്‌ലിം ലീഗ് നേതാക്കളെ വിജിലൻസ് കേസിൽ കുടുക്കുന്നുവെന്ന് എംകെ മുനീർ. മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുൽ റഹ്മാൻ കല്ലായിക്ക് എതിരായ നടപടി പ്രതികാര നടപടിയാണ്. മോദി മോഡലിലുള്ള പ്രതികാര നടപടികളാണ് കേരളത്തിലും നടക്കുന്നത്. അബ്ദു റഹ്മാൻ കല്ലായിയുടെ അറസ്റ്റിൽ അന്വേഷണത്തെ ഭയപ്പെടുന്നില്ല. പക്ഷേ, അന്വേഷണത്തിൽ സുതാര്യത ഉറപ്പാക്കണമെന്ന് മുനീർ ആവശ്യപ്പെട്ടു.

പോപ്പുലർ ഫ്രണ്ട് വോട്ടുവാങ്ങിയെന്ന ആരോപണത്തോടും എംകെ മുനീർ പ്രതികരിച്ചു. രൂക്ഷ വിമർശനമാണ് പിഎഫ്ഐക്കെതിരെ മുനീർ ഉന്നയിച്ചത്. പിഎഫ്ഐ പോലെ ഇരുട്ടത്ത് പ്രവർത്തിക്കുന്ന സംഘടനയല്ല ലീഗെന്നും നിരോധിച്ചാൽ ഇല്ലാതാകില്ലെന്നും മുനീർ പ്രതികരിച്ചു. പിഎഫ്ഐ വോട്ടുകൾ വാങ്ങിച്ചിട്ടില്ലെന്നും മുനീർ വ്യക്തമാക്കി.

മട്ടന്നൂർ ജുമാ മസ്ജിദ് നിർമാണത്തിൽ അഴിമതി നടത്തിയെന്ന കേസിൽ ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി അടക്കം മൂന്നുപേരെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മട്ടന്നൂർ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം ഇവരെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

പള്ളി നിർമ്മാണത്തിൽ അഞ്ച് കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് പരാതി. പള്ളി കമ്മിറ്റി അംഗം നെടുവോട്ടുംകുന്നിലെ എംവി ഷമീറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മട്ടന്നൂർ ജുമാ മസ്ജിദ്, ഇതിനോട് ചേർന്ന ഷോപ്പിംഗ് കോംപ്ലക്‌സ് എന്നിവയുടെ നിർമ്മാണത്തിൽ വഖഫ് ബോർഡിനെ വെട്ടിച്ച് അഞ്ച് കോടി രൂപയോളം തട്ടിയെന്നാണ് കേസ്.

Similar Posts