ലീഗ് പുനഃസംഘടന: ജനറൽ സെക്രട്ടറി സ്ഥാനത്തെച്ചൊല്ലി അനിശ്ചിതത്വം, നിര്ണായക യോഗം നാളെ
|സംസ്ഥാന കമ്മറ്റി പുനഃസംഘടനയിൽ സമവായമുണ്ടാക്കാൻ ജില്ലാ കമ്മറ്റി ഭാരവാഹികളുമായി പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ ഇന്ന് കൂടിക്കാഴ്ച നടത്തും
കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി പി.എം.എ സലാം തന്നെ തുടർന്നേക്കും. അതേസമയം എം.കെ മുനീറിനെ ജനറൽ സെക്രട്ടറി ആക്കണമെന്ന ആവശ്യവും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. സംസ്ഥാന കമ്മറ്റി പുനഃസംഘടനയിൽ സമവായമുണ്ടാക്കാൻ ജില്ലാ കമ്മറ്റി ഭാരവാഹികളുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇന്ന് കൂടിക്കാഴ്ച നടത്തും. നാളെ കോഴിക്കോടാണ് ലീഗ് സംസ്ഥാന കൗൺസിൽ യോഗം ചേരുന്നത്. അതിനിടെ ജില്ലാ കൗൺസിൽ ചേരാതെ സംസ്ഥാന കൗൺസിൽ വിളിക്കുന്നതിനെതിരെ എറണാകുളത്ത് നിന്നുള്ള അംഗം കോടതിയിൽ ഹരജി നൽകി.
സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയെ പാർട്ടി ചുമതലകളിൽ നിന്ന് നീക്കി. കെ.എം ഷാജിയുടെ പരസ്യവിമർശനത്തിലും നിലപാട് കടുപ്പിച്ചു. ഹരിത വിവാദത്തിലും ശക്തമായ നിലപാടാണ് ലീഗ് നേതൃത്വം സ്വീകരിച്ചത്. സംഘടനാസംവിധാനം കാര്യക്ഷമമായി ചലിപ്പിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പി.എം.എ സലാമിനെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എന്നാൽ പി.എം.എ സലാം ജനറൽ സെക്രട്ടറിയാകുന്നതിൽ ലീഗിലെ ഒരു വിഭാഗം മുതിർന്ന നേതാക്കൾ തന്നെ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്. എം.കെ മുനീറിന്റെ പേരാണ് മറുഭാഗം ഉന്നയിക്കുന്നത്.
തെരഞ്ഞെടുപ്പിലൂടെ സംസ്ഥാന ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കണമെന്ന ആവശ്യവും ഉയർന്നേക്കും. ഇതോടെ സംസ്ഥാന കൗൺസിലിൽ തെരഞ്ഞെടുപ്പ് ഒഴിവാക്കുകയാകും സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ നേരിടുന്ന വെല്ലുവിളി. അതേസമയം പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനമുൾപ്പെടെ 19 അംഗം സംസ്ഥാന കമ്മറ്റിയെയാണ് തെരഞ്ഞെടുക്കുക. ഇതോടൊപ്പം 21 സംസ്ഥാന സെക്രട്ടറിയേറ്റും നിലവിൽ വരും. സംസ്ഥാന കമ്മറ്റിയിൽ നിന്ന് പത്ത് അംഗങ്ങൾ സെക്രട്ടറിയേറ്റിൽ ഉൾപ്പെടും. ഇത് കൂടാതെ 75 സംസ്ഥാന പ്രവർത്തക സമിതിയെയുമാണ് നാളെ നടക്കുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ തെരഞ്ഞെടുക്കുക. 5000 പാർട്ടി മെമ്പർമാർക്ക് ഒരു പ്രതിനിധി എന്ന നിലക്ക് 485 പേരാണ് സംസ്ഥാന കൗൺസിൽ യോഗത്തിൽ പങ്കെടുക്കുക.