''ലീഗ് സെക്രട്ടറി പിഎംഎ സലാം നിയമസഭയിലെത്തിയത് കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയിൽ''; പ്രത്യാക്രമണവുമായി കെടി ജലീൽ
|ലീഗ് രാഷ്ട്രീയ സഖ്യമുണ്ടാക്കുമ്പോൾ കമ്മ്യൂണിസ്റ്റുകാർ ഹലാലും ലീഗ് സഖ്യകക്ഷിയല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഹറാമുമാണെന്നുള്ള വാദത്തിന് മുസ്ലിം സമുദായം പുല്ലുവിലകൽപിക്കില്ലെന്നും കെടി ജലീൽ
കമ്മ്യൂണിസ്റ്റുകളെ പിന്തുണച്ചാൽ മതത്തിൽനിന്ന് പുറത്താണെന്ന് വിധി പറഞ്ഞ മുസ്ലിം ലീഗ് ആക്ടിങ് ജനറൽ സെക്രട്ടറി പിഎംഎ സലാം മുൻപ് നിയമസഭയിലെത്തിയത് കമ്മ്യൂണിസ്റ്റുകാരുടെ പിന്തുണ കൊണ്ടാണെന്ന് കെടി ജലീൽ എംഎൽഎ. ലീഗ് രാഷ്ട്രീയ സഖ്യമുണ്ടാക്കുമ്പോൾ കമ്മ്യൂണിസ്റ്റുകാർ ഹലാലും ലീഗ് സഖ്യകക്ഷിയല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഹറാമുമാണെന്നുള്ള വാദത്തിന് മുസ്ലിം സമുദായം വിലകൽപിക്കില്ലെന്നും ജലീൽ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിലാണ് ജലീലിന്റെ വിമർശനം. കമ്മ്യൂണിസ്റ്റ് പാർട്ടിയുമായും ഭൗതികവാദികളുമായും സഹകരിക്കാമെന്നും അവർക്ക് വോട്ട് ചെയ്യാമെന്നും 1967ൽ പരസ്യമായി പ്രഖ്യാപിച്ചത് ഖാഇദുൽ ഖൗം സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളും ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബും പാണക്കാട് പൂക്കോയ തങ്ങളുമാണ്. സാക്ഷാൽ നിരീശ്വരവാദിയായിരുന്ന ഇഎംഎസിന്റെ മന്ത്രിസഭയിൽ ലീഗിന്റെ നാവായ സിഎച്ചും ഏറനാടൻ പ്രമാണി അഹമ്മദ് കുരിക്കളും അന്ന് മന്ത്രിമാരായി. ശുദ്ധ ഭൗതികനായിരുന്ന സി. അച്ചുതമേനോൻ എന്ന തനി കമ്മ്യൂണിസ്റ്റിനെ ഡൽഹിയിൽനിന്ന് പിടിച്ചുകൊണ്ടുവന്ന് മുഖ്യമന്ത്രിയാക്കി ആ മന്ത്രിസഭയിലും മുസ്ലിംലീഗ് പ്രതിനിധികൾ പങ്കാളികളായിട്ടുണ്ടെന്നും ജലീൽ ചൂണ്ടിക്കാട്ടി.
കമ്മ്യൂണിസ്റ്റുകളെ പിന്തുണച്ചാൽ മതത്തിൽനിന്ന് പുറത്താണെന്ന് നിസ്സംശയം വിധി പറഞ്ഞ ലീഗിന്റെ താൽക്കാലിക ജനറൽ സെക്രട്ടറി പിഎംഎ സലാം നാഷണൽ ലീഗിന്റെ നേതാവായി മുസ്ലിം ലീഗിനെ തോൽപ്പിച്ച് കോഴിക്കോട് രണ്ടിൽനിന്ന് നിയമസഭയിൽ എത്തിയതും നിരീശ്വരന്മാരെന്ന് ഇന്നദ്ദേഹം ആക്ഷേപിക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെ പിന്തുണയിലായിരുന്നെന്നും ജലീൽ വിമർശിച്ചു. ഈ സത്യം മനസ്സിലാക്കിയത് കൊണ്ടാണ് സമസ്തയുടെ പണ്ഡിതന്മാരെ കമ്മ്യൂണിസ്റ്റ് വിരുദ്ധ മതവിധി നടത്താൻ കിട്ടാതിരുന്നതെന്നും അങ്ങനെ മനപ്പായസമുണ്ട് അരക്കോടി കട്ടിലിനടിയിൽ മെത്തയാക്കി നിരത്തിവച്ച് കിടന്നുറങ്ങി കയ്യോടെ തൊണ്ടിമുതൽ സഹിതം പിടികൂടപ്പെട്ട് ജയിലിലേക്കുള്ള വഴിയിൽ അകപ്പെട്ടവരുടെ ജൽപ്പനങ്ങൾക്ക് ആര് ചെവികൊടുക്കാനാണെന്നും ജലീൽ ചോദിച്ചു.
കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കമ്മ്യൂണിസ്റ്റ് പാർട്ടിയുമായും ഭൗതികവാദികളുമായും സഹകരിക്കാമെന്നും അവർക്ക് വോട്ട് ചെയ്യാമെന്നും 1967 ൽ പരസ്യമായി പ്രഖ്യാപിച്ചത് ഖാഇദുൽ ഖൗം സയ്യിദ് അബ്ദു റഹ്മാൻ ബാഫഖി തങ്ങളും ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബും പാണക്കാട് പൂക്കോയ തങ്ങളുമാണ്. സാക്ഷാൽ നിരീശ്വരവാദിയായിരുന്ന ഇ.എം.എസിന്റെ മന്ത്രിസഭയിൽ ലീഗിന്റെ നാവായ സി.എച്ചും ഏറനാടൻ പ്രമാണി അഹമ്മദ് കുരിക്കളും അന്ന് മന്ത്രിമാരായി. ശുദ്ധ ഭൗതികനായിരുന്ന സി. അച്ചുത മേനോൻ എന്ന തനി കമ്യൂണിസ്റ്റിനെ ഡൽഹിയിൽ നിന്ന് പിടിച്ച് കൊണ്ടുവന്ന് മുഖ്യമന്ത്രിയാക്കി ആ മന്ത്രിസഭയിലും മുസ്ലിംലീഗ് പ്രതിനിധികൾ പങ്കാളികളായി. അധികം വൈകാതെ സാത്വികനായ എം.കെ. ഹാജിയും സയ്യിദ് ഉമർ ബാഫഖി തങ്ങളും ഉഗ്രപ്രതാപിയായ ചെറിയ മമ്മുക്കേയിയും അഖിലേന്ത്യാ ലീഗിനെ കൊണ്ടു പോയി കെട്ടിയത് കറകളഞ്ഞ കമ്മ്യൂണിസ്റ്റായ സഖാവ് നായനാരുടെ ആലയിൽ.
കമ്മ്യൂണിസ്റ്റുകളെ പിന്തുണച്ചാൽ മതത്തിൽ നിന്ന് പുറത്താണെന്ന് നിസ്സംശയം വിധി പറഞ്ഞ ലീഗിന്റെ താൽക്കാലിക ജനറൽ സെക്രട്ടറി പി.എം.എ സലാം നാഷണൽ ലീഗിന്റെ നേതാവായി മുസ്ലിംലീഗിനെ തോൽപ്പിച്ച് കോഴിക്കോട് രണ്ടിൽ നിന്ന് നിയമസഭയിൽ എത്തിയതും നിരീശ്വരൻമാരെന്ന് ഇന്നദ്ദേഹം ആക്ഷേപിക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെ പിന്തുണയിൽ. ഈ സത്യം മനസ്സിലാക്കിയത് കൊണ്ടാണ് സമസ്തയുടെ സമാദരണീയരായ പണ്ഡിതൻമാരെ കമ്മ്യൂണിസ്റ്റ് വിരുദ്ധ മതവിധി നടത്താൻ കിട്ടാതിരുന്നത്. ലീഗ് രാഷ്ട്രീയ സഖ്യമുണ്ടാക്കുമ്പോൾ കമ്മ്യൂണിസ്റ്റുകാർ ഹലാലും ലീഗ് സഖ്യകക്ഷിയല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഹറാമുമാണെന്ന് 'എവൻ' പുലമ്പിയാലും മുസ്ലിം സമുദായം അതിന് പുല്ല് വില പോലും കൽപ്പിക്കില്ല. അങ്ങിനെ മനപ്പായസമുണ്ട് അരക്കോടി കട്ടിലിനടിയിൽ മെത്തയാക്കി നിരത്തി വെച്ച് കിടന്നുറങ്ങി കയ്യോടെ തൊണ്ടിമുതൽ സഹിതം പിടികൂടപ്പെട്ട് ജയിലിലേക്കുള്ള വഴിയിൽ അകപ്പെട്ടവരുടെ ജൽപ്പനങ്ങൾക്ക് ആര് ചെവികൊടുക്കാൻ?
(ഇന്ന് രാവിലെ 10 മണിക്ക് തൃക്കരിപ്പൂർ ബസ്റ്റാന്റിൽ നടന്ന സിപിഎം കാസർകോട് ജില്ലാ സമ്മേളന സെമിനാറിൽ പങ്കെടുത്തു)
Summary: ''League Secretary PMA Salam became Member of Legislative Assembly with Communist support '', says KT Jaleel