മധ്യസ്ഥൻ്റെ ആവശ്യമില്ല; ലീഗ്-സമസ്ത തർക്കത്തിൽ കോൺഗ്രസിന്റെ ഇടപെടൽ തേടിയതിൽ ലീഗിന് അതൃപ്തി
|കോൺഗ്രസിന്റെ ഇടപെടൽ ആവശ്യപ്പെട്ടതിന് പിന്നിൽ സമസ്തയിലെ ലീഗ് വിരുദ്ധവിഭാഗമെന്നും വിലയിരുത്തലുണ്ട്
കോഴിക്കോട്: ലീഗ്-സമസ്ത തർക്കത്തിൽ കോൺഗ്രസിന്റെ ഇടപെടൽ തേടിയതിൽ ലീഗിന് അതൃപ്തി. ലീഗ്-സമസ്ത തർക്കത്തിൽ മറ്റൊരു മധ്യസ്ഥന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നാണ് ലീഗ് നിലപാട്. കോൺഗ്രസിന്റെ ഇടപെടൽ ആവശ്യപ്പെട്ടതിന് പിന്നിൽ സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗമാണെന്നുള്ള വാദവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലാണ് പി.എം.എ സലാമിന്റെ പരാമർശവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുണ്ടാകുന്നത്. ആദ്യഘട്ടത്തിൽ പോഷക സംഘടന നേതാക്കൾ ഒരു കത്തയച്ചെന്ന കാര്യം വന്നെങ്കിലും ഇത്തരം ഒരു കത്ത് കിട്ടിയിട്ടില്ലെന്നാണ് സാദിഖലി തങ്ങൾ പ്രതികരിച്ചത്.
സമസ്തയും ലീഗും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമ്പോൾ സാധാരണ ഗതിയിൽ പാണക്കാടെത്തി നേതാക്കൾ തമ്മിൽ ചർച്ച നടത്തുകയാണ് പതിവ്. ഇതിൽ നിന്നും വ്യത്യസ്തമായി മാധ്യമങ്ങൾക്ക് കൂടി പരസ്യപ്പെടുത്തി പോഷക സംഘടനാ നേതാക്കൾ ഇടപ്പെട്ടതിലും നേരിട്ട് സാദിഖലി തങ്ങൾക്ക് നൽകാതെ പാർട്ടി നേതാവെന്ന നിലയിൽ കുഞ്ഞാലിക്കുട്ടിക്ക് കത്ത് നൽകിയതെല്ലാം പ്രശ്‌നമുണ്ടായിരുന്നു.
തുടർന്ന് സമസ്ത മുശാവറ കൂടുകയും സാദിഖലി തങ്ങളെ നേരിട്ട് കണ്ട് പി.എം.എ സലാമിനെതിരെയുള്ള പരാതി നൽകാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ പിന്നീട് വി.ഡി സതീശനെ ഈ വിഷയത്തിൽ ഇടപെടുവിക്കാനുള്ള ശ്രമം നടന്നു. ഈ പ്രശ്‌നം യു.ഡി.എഫിനെ ബാധിക്കാൻ സാധ്യതയുണ്ടെന്നും പ്രശ്‌നത്തിൽ ഇടപെടണമെന്നും സമസ്ത നേതാക്കൾ വി.ഡി സതീശനെ അറിയിക്കുകയായിരുന്നു. ഇതാണ് ലീഗിന് കടുത്ത അത്യപ്തിയുണ്ടാക്കിയത്. തർക്കത്തിൽ മറ്റൊരു മധ്യസ്ഥന്റെ ആവശ്യമില്ലെന്നാണ് ലീഗിന്റെ വാദം.
സാധാരണ ഗതിയിൽ മുശാവറ തീരുമാനിച്ചത് പോലെ സാദിഖലി തങ്ങളെ വന്ന് കാണാനും ഇക്കാര്യങ്ങൾ പരസ്പരം ചർച്ച ചെയ്തു പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള സാധ്യതയുണ്ടായിരിക്കെ മൂന്നാമതൊരു കക്ഷിയെ ഇതിലേക്ക് ഇടപെടുവിച്ചതിലുള്ള അതൃപ്തിയാണ് ലീഗ് നേതാക്കളിൽ പലരും പങ്കുവെക്കുന്നത്. പാണക്കാട് തങ്ങൾമാരുടെ പ്രാധാന്യത്തെ കുറക്കാനുള്ള ഒരു നീക്കം ഇതിന്റെ ഭാഗമായി നടക്കുന്നുണ്ടോയെന്ന സംശയവും ഇവർ ഉന്നയിക്കുന്നുണ്ട്. പ്രശ്‌ന പരിഹരിക്കപ്പെടാതെ വിഷയം വികസിപ്പിക്കാൻ സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം ശ്രമിക്കുന്നുണ്ടോ എന്ന സംശയവും ലീഗ് നേതാക്കൾ പങ്കുവെക്കുന്നുണ്ട്. വൈകാതെ തന്നെ സമസ്ത നേതാക്കൾ സാദിഖലി തങ്ങളുമായി കൂടികാഴ്ച നടത്തും.