ലീഗിന് എല്‍.ഡി.എഫില്‍ എത്താന്‍ മോഹം; സ്വീകരിക്കില്ലെന്ന് കെ.ടി ജലീല്‍
|മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണത്തിന് എ.ആര് നഗര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്നും ജലീല്‍ പറഞ്ഞു.
മുസ്ലിം ലീഗിന് എല്‍.ഡി.എഫില്‍ ചേക്കേറാന്‍ മോഹമെന്ന് കെ.ടി ജലീല്‍. യു.ഡി.എഫില്‍ നിന്നാല്‍ ഇനി അധികാരത്തിലെത്താന്‍ കഴിയില്ലെന്ന് ലീഗിന് മനസ്സിലായിട്ടുണ്ട്. ഭരണത്തിലെത്തണമെങ്കില്‍ എല്‍.ഡി.എഫിനൊപ്പം നില്‍ക്കണമെന്ന് പല ലീഗ് നേതാക്കളും പറയുന്നത് തനിക്കറിയാം. എന്നാല്‍ ലീഗിനെ എല്‍.ഡി.എഫ് സ്വീകരിക്കില്ലെന്നും ജലീല്‍ വ്യക്തമാക്കി. മീഡിയവണ്ണിന്റെ 'എഡിറ്റോറിയല്‍' പരിപാടിയിലായിരുന്നു ജലീലിന്റെ പ്രതികരണം.
മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണത്തിന് എ.ആര് നഗര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്നും ജലീല്‍ പറഞ്ഞു. മൗലവിയുടെ പേരില്‍ കോടികളാണ് എ.ആര് നഗര്‍ ബാങ്കില്‍ നിക്ഷേപിച്ചത്. ഇത് പുറത്തുവന്നതോടെയാണ് മൗലവിയുടെ ആരോഗ്യനില വഷളായത്. നിസ്വാര്‍ഥനായ പൊതുപ്രവര്‍ത്തകനായ മൗലവിക്ക് തന്റെ പേരില്‍ തട്ടിപ്പ് നടന്നതായുള്ള വാര്‍ത്ത വലിയ ആഘാതമാണ് സൃഷ്ടിച്ചതെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ തന്നോട് പറഞ്ഞിരുന്നുവെന്നും ജലീല്‍ പറഞ്ഞു.
അതേസമയം ജലീലിന്റെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി. ചിലരെ തുടര്‍ച്ചയായി അവഗണിക്കുന്നത് മാത്രമാണ് പരിഹാരമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് ജലീല്‍ നടത്തിയ പ്രതികരണത്തെ വിമര്‍ശിച്ചുകൊണ്ട് നേരത്തേ കെ.മുരളീധരനും രംഗത്തെത്തി. കെ.ടി ജലീലിന്റെ സമനില തെറ്റിയെന്നും ജലീലിന്റെ വായില്‍ നിന്ന് വരുന്നതിനെ മൂക്കറ്റം അഴിമതിയില്‍ മുങ്ങിയ ഒരാളുടെ ജല്‍പ്പന്നങ്ങളായി മാത്രം കണ്ടാല്‍ മതിയെന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം.