'ഹരിത' പരാതിയിൽ പ്രശ്‌നപരിഹാര നീക്കവുമായി ലീഗ്; മലപ്പുറത്ത് രാത്രി വൈകിയും ചർച്ച
|മലപ്പുറം ലീഗ് ഓഫീസിലാണ് പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീർ, പിഎംഎ സലാം, എംകെ മുനീർ എന്നിവരുടെ നേതൃത്വത്തിൽ പ്രശ്‌നപരിഹാര ചർച്ച നടക്കുന്നത്. ആരോപണവിധേയനായ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെയും പരാതിക്കാരായ ഹരിത സംസ്ഥാന ഭാരവാഹികളെയും യോഗത്തിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്
എംഎസ്എഫ് നേതാക്കൾക്കെതിരായ ഹരിതയുടെ പരാതിയിൽ മുസ്്‌ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ പ്രശ്‌നപരിഹാര ചർച്ച. മലപ്പുറത്ത് ലീഗ് ഓഫീസിലാണ് പ്രമുഖ നേതാക്കളുടെ നേതൃത്വത്തിൽ യോഗം പുരോഗമിക്കുന്നത്. വൈകീട്ട് ആറരയ്ക്ക് ആരംഭിച്ച ചർച്ച രാത്രി വൈകിയും തുടരുകയാണ്.
പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീർ, പിഎംഎ സലാം, എംകെ മുനീർ എന്നിവരാണ് ചർച്ച നടത്തുന്നത്. ഇതിലേക്ക് ആരോപണവിധേയനായ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെയും പരാതിക്കാരായ ഹരിത സംസ്ഥാന ഭാരവാഹികളെയും വിളിച്ചുവരുത്തിയിട്ടുണ്ട്. മണിക്കൂറുകളോളം നീണ്ട ചർച്ചയാണ് മലപ്പുറത്ത് പുരോഗമിക്കുന്നത്.
ലൈംഗിക അധിക്ഷേപം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി എംഎസ്എഫ് നേതൃത്വത്തിനെതിരെ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്ന് നേരത്തെ ലീഗ് നേതൃത്വം ഹരിത സംസ്ഥാന ഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിന് ഹരിത ഭാരവാഹികൾ വഴങ്ങിയിരുന്നില്ല. തുടർന്നാണ് ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ചുകൊണ്ടുള്ള ലീഗ് നേതൃത്വത്തിന്റെ ഇടപെടലുണ്ടാകുന്നത്. കടുത്ത അച്ചടക്കലംഘനമാണ് ഹരിത നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്ന വിലയിരുത്തലിലായിരുന്നു നടപടി.
തുടർന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനോട് വിശദീകരണം നൽകാൻ ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. 15 ദിവസത്തെ കാലാവധിയാണ് നൽകിയിരുന്നത്. അടുത്ത മാസം അഞ്ചിനാണ് കാലാവധി തീരുന്നത്. ഇതിനു മുന്നോടിയായാണ് മലപ്പുറം ലീഗ് ഹൗസിൽ പികെ നവാസിനെയും ഹരിത നേതാക്കളെയും വിളിച്ചുചേർത്തത്. എന്നാൽ, ആരോപണവിധേയരായ മലപ്പുറത്തെ എംഎസ്എഫ് നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചിട്ടില്ല.