വിമർശനങ്ങൾ ഉന്നയിക്കേണ്ടത് പാർട്ടി വേദിയിൽ; ഷാജിക്കെതിരെ വിമർശനവുമായി ലീഗ്
|അഭിപ്രായ ഭിന്നതകൾ പറയേണ്ടത് പാർട്ടിവേദിയിലാണ്, പത്രമാധ്യമങ്ങളോടും സമൂഹമാധ്യമങ്ങളിലുമല്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. തെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാനായി ജൂലൈ ഏഴ്, എട്ട് തിയതികളിൽ സംസ്ഥാന പ്രവർത്തക സമിതി ചേരും
തെരഞ്ഞെടുപ്പ് തോൽവി പാർട്ടി ചർച്ച ചെയ്യുന്നില്ലെന്ന കെഎം ഷാജിയുടെ വിമർശനത്തിനു മറുപടിയുമായി മുസ്‍ലിം ലീഗ്. വിമർശനങ്ങൾ ഉന്നയിക്കേണ്ടത് പാർട്ടി വേദിയിലാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി. സമൂഹമാധ്യമത്തിലൂടെയുള്ള കെഎം ഷാജിയുടെ വിമർശനത്തെക്കുറിച്ച് 'മീഡിയാവണി'നോട് പ്രതികരിക്കുകയായിരുന്നു സലാം.
ഷാജിയുടെ പ്രതികരണം ഒറ്റപ്പെട്ടതാണ്. പറയാനുള്ളത് പാർട്ടി വേദിയിൽ പറയാനും നേതൃത്വത്തെ അറിയിക്കാനുമുള്ള അവസരങ്ങളുണ്ട്. പാർട്ടി ചർച്ച വൈകുന്നതിൽ നിരാശകൊണ്ടായിരിക്കാം ഷാജിയുടെ പ്രതികരണം. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ നൂറിലേറെ അംഗങ്ങളുടെ സമിതി വിളിച്ചുകൂട്ടുന്നതിലെ പ്രയാസം കാരണമാണ് യോഗം വൈകുന്നത്. പാർട്ടിയിൽ പല അഭിപ്രായങ്ങളും ഉള്ളവരുണ്ട്. അതു പറയേണ്ടത് പത്രമാധ്യമങ്ങളോടല്ല. സമൂഹമാധ്യമങ്ങളിലുമല്ല. ഉത്തരവാദപ്പെട്ടവർ പാർട്ടി വേദിയിലാണ് പറയേണ്ടത്. ഇക്കാര്യം സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾ രണ്ടുതവണ പ്രസ്താവനയിലൂടെ വ്യക്തമാക്കിയതാണെന്നും സലാം കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനായി മുസ്‍ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അടുത്ത മാസം ചേരും. ജൂലൈ ഏഴ്, എട്ട് തിയതികളിലായാണ് പ്രവർത്തക സമിതി യോഗം ചേരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് യോഗത്തിൽ വിശദമായി ചർച്ച ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കമ്മിറ്റികളോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സലാം പറഞ്ഞു.
മുസ്‍ലിം ലീഗ് സംസ്ഥാന സമിതി പുനസംഘടന അംഗത്വ കാംപയിനിനുശേഷമായിരിക്കും നടക്കുക. അടിത്തട്ടുമുതൽ മാറ്റം വരും. യൂത്ത് ലീഗിന്റെ പുതിയ കമ്മിറ്റിയും ഉടൻ വരും. മണ്ഡലം കമ്മിറ്റി രൂപീകരണങ്ങൾ പൂർത്തിയായതിനു പിറകെ ജില്ലാ കമ്മിറ്റി രൂപീകരണം പുരോഗമിക്കുകയുമാണ്. ജില്ലാ കമ്മിറ്റി രൂപീകരണം പൂർത്തിയാകുന്ന മുറയ്ക്ക് പുതിയ സംസ്ഥാന സമിതിയും നിലവിൽ വരും.